തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ വീതംവെപ്പിൽ വലിയ നീതികേടുണ്ടായെന്നും അർഹമായി തരേണ്ടത് നിഷേധിക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന് ആകാശത്തുനിന്ന് കറൻസി എടുക്കാനാവില്ല. ബജറ്റ് എല്ലാ സംസ്ഥാനങ്ങളിലും തുല്യ സമീപനം സ്വീകരിച്ചില്ല. രാഷ്ട്രീയമായി താൽപര്യമുള്ള സംസ്ഥാനങ്ങൾക്ക് പരിഗണന നൽകിയപ്പോൾ കേരളമടക്കം മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചു. രാജ്യത്ത് ജനങ്ങളെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്ന ബജറ്റല്ല ഇതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ നേരത്തെയുള്ള ധനകാര്യ സമീപനങ്ങളിൽ വലിയ മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റ്. വയനാട് പാക്കേജ് വളരെ ന്യായമായിരുന്നു. പ്രാദേശികവാദം ഉന്നയിക്കുന്ന സംസ്ഥാനമല്ല കേരളം. ബിഹാറിലും ഡൽഹിയിലുമെല്ലാം തെരഞ്ഞെടുപ്പ് വരുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ ഉണ്ടായേക്കാം. അതെല്ലാം ഉള്ളപ്പോഴും വയനാടിനും വിഴിഞ്ഞത്തിനും പ്രത്യേക പരിഗണന കിട്ടേണ്ടതായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലും ചിലതൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
കാർഷിക മേഖലയിലെ സബ്സിഡി ഇനത്തിൽ ആകെ നീക്കിയിരുപ്പിൽ 3400 കോടിയാണ് കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞത്. രാജ്യത്തെ വികസന കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് കാർഷിക മേഖലയാണെന്ന് ധനമന്ത്രി തന്നെ ആവർത്തിക്കുമ്പോഴാണ് ഈ അവഗണന. വിള ഇൻഷുറൻസിന് 3600 കോടി കുറഞ്ഞു. യൂറിയയുടെ സബ്സിഡിയും വെട്ടിക്കുറച്ചു. പെട്രോളിയം സെസിൽ 2400 കോടിയുടെ കുറവാണ് വന്നത്. ഇന്ധന സബ്സിഡി, കീടനാശിനി സബ്സിഡികൾക്കെല്ലാം ഈ കുറവുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ ഒരു വർധനയും വന്നിട്ടില്ല. കഴിഞ്ഞവർഷം 3000 കോടി കുറച്ചിരുന്നു. 86000 കോടിയാണ് എല്ലാ സംസ്ഥാനങ്ങൾക്കുമായി ഇപ്പോഴുള്ളത്. മൂന്ന് വർഷത്തിന് മുമ്പുള്ള നിലയാണിപ്പോൾ. നിക്ഷേപം, വികസനം, കയറ്റുമതി എന്നിവയിൽ ഊന്നുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം. എന്നാൽ രണ്ട് പതിറ്റാണ്ടിനിടയിലെ ബ്രഹത്തായ കയറ്റുമതി പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനത്തെക്കുറിച്ച് ബജറ്റ് ഒന്നും പറഞ്ഞിട്ടില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് രാജ്യത്തിന്‍റെ വൈവിധ്യമോ വ്യത്യസ്തതകളോ പരിഗണിക്കാതെയുള്ള ഏകീകൃത പ്രോട്ടോക്കോളിലാണ് കേന്ദ്രത്തിന്‍റെ ശാഠ്യം. വിവിധ സംസ്ഥാനങ്ങൾക്കും കാർഷികവിളകൾക്കും മണ്ണിനും നാടിനുമെല്ലാം വ്യത്യസ്തമായ സവിശേഷതകളുമുണ്ട്. അതിനെ കാണാനോ അഭിമുഖീകരിക്കാനോ ബജറ്റ് തയാറായില്ല. ഏകീകൃത ശാഠ്യങ്ങളുടെ പേരിൽ സ്കൂളുകളിൽ ഉച്ചക്ക് ചപ്പാത്തിയും ദാലും കൊടുക്കാൻ പറയുമോ എന്നാണ് സംശയം. ഇവിടെ മുട്ടക്കറിയും ചോറും മീനുമാണ് നല്ലത്.
സുസ്ഥിരവികസനം, മാലിന്യനിർമാർജനം, ഭൂവിനിയോഗം എന്നിവയിലടക്കം കേരളത്തിന്റെ പ്രകടനം മികച്ചതെന്നാണ് ഇക്കണോമിക് സർവേ ചൂണ്ടിക്കാട്ടുന്നത്. പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ മുകളിലാണ് കേരളം. സേവനം, വ്യവസായം, കൃഷി എന്നിവയിലെ പൊതു ശരാശരി വളർച്ച 8.5 ശതമാനമാണ്. പക്ഷേ കേരളത്തിലേത് 12 ശതമാനവും. കേരളത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഒരു വർധനയും വരുത്തിയിട്ടില്ല. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കാൻ 6000 കോടി നൽകിയിരുന്നു. ഈ തുക കടപരിധിയിൽനിന്ന് ഇളവ് ചെയ്ത് തരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുപോലും ഉണ്ടായില്ല.
മുറിവുകാണുമ്പോൾ ‘മുറിഞ്ഞു’ എന്ന് പറയുകയല്ല, മുറിവിൽ അൽപം മുളക് പുരട്ടുന്ന സമീപനമാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളുടേത്. പൊതുവിൽ നിക്ഷേപം വരുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. സാമ്പത്തികമേഖലക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുംവിധം സേവന-ഉൽപാദന-കാർഷിക മേഖലയിൽ നിക്ഷേപങ്ങളും വികസനവും വരണം. എന്നാൽ അതിന് ഉപയുക്തമായ പ്രഖ്യാപനങ്ങളൊന്നുമില്ല.ക്കാനോ ബജറ്റ് തയാറായില്ല. ഏകീകൃത ശാഠ്യങ്ങളുടെ പേരിൽ സ്കൂളുകളിൽ ഉച്ചക്ക് ചപ്പാത്തിയും ദാലും കൊടുക്കാൻ പറയുമോ എന്നാണ് സംശയം. ഇവിടെ മുട്ടക്കറിയും ചോറും മീനുമാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.