തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവി കസേര യോഗേഷ് ഗുപ്തക്ക് ലഭിക്കാൻ സാധ്യത. ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂൺ 30ന് വിരമിക്കാനിരിക്കെയാണിത്. ആരോപണങ്ങളുയർന്നിട്ടും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ പേരിന് മന്ത്രിസഭ അംഗീകാരം നൽകിയതും വിമർശിക്കപ്പെട്ടിരുന്നു. അജിത്കുമാർ ഉൾപ്പെടെ, 30 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയ ആറു പേരുടെ പട്ടികയാണ് കേന്ദ്രത്തിനയച്ചത്.
റോഡ് സുരക്ഷ കമീഷണര്‍ നിധിന് അഗര്‍വാള്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍ രവാഡാ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്.പി.ജി അഡീ. ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന് എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ എന്നിവരാണ് അത്.
ഡി.ജി.പി തസ്തികയിലേക്ക് പരിഗണിക്കുന്നതിൽ താല്പര്യമുണ്ടോയെന്ന് ആറുപേരോടും ആരായുന്നതാണ് കേന്ദ്രനടപടിയുടെ ആദ്യം. താൽപര്യമുള്ളവരുടെ സര്‍വിസ് റെക്കോഡും കേസ് വിവരങ്ങളുമെല്ലാം ചേര്‍ത്ത് അന്തിമ പട്ടിക തയാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. കേസും അന്വേഷണം നേരിടുന്നവരേയും സര്‍വിസില്‍ ഗുരുതര വീഴ്ച വരുത്തിയവരെയും ഒഴിവാക്കി മൂന്ന് പേരുടെ പട്ടിക തയാറാക്കി യു.പി.എസ്.സി കേരളത്തിന് കൈമാറും. ഇവരിൽനിന്ന് ഒരാളെയാകും ഡി.ജി.പിയായി നിയമിക്കുക.
പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനക്കാരിൽ ഒരാളാണ് എന്നതും ഒപ്പമുള്ള നിധിന് അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍ എന്നിവരേക്കാൾ പരിഗണിക്കപ്പെടുന്നതും നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷിനെയാണ്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ ജില്ല പൊലീസ് മേധാവിയായിരുന്ന റവാഡാ ചന്ദ്രശേഖർ കേന്ദ്ര സർവിസിലാണ്. സി.പി.എമ്മുമായി നല്ല ബന്ധത്തിലല്ല. കൂടാതെ, ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളതിനാൽ ഐ.ബി ഡയറക്ടറാക്കാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.