‘വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, മോഷണം പോയെന്ന് പരാതിയില്ല’; തന്ത്രി സമൂഹത്തെ അപമാനിക്കാന്‍ ശ്രമമെന്ന് യോഗക്ഷേമസഭ

കൊച്ചി: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവർക്ക് വാജിവാഹനം നൽകിയത് ദേവസ്വം ബോർഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽനിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണ്. പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കം. തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ പി.എൻ.ഡി. നമ്പൂതിരി പറഞ്ഞു.

“2017 കാലത്ത് ആന്ധ്രയിൽനിന്നും വന്ന മൂന്നുപേർ കൊടിമരത്തിന്റെ താഴെ മെർക്കുറി ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം ആയത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. മെർക്കുറി ഒഴിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവപ്രശ്നം നടത്തി കൊടിമരം മാറ്റാൻ തീരുമാനമാകുന്നത്. തന്ത്രിസമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നു. അപ്പോൾ ദേവസ്വം ബോർഡ് ആ കാര്യങ്ങൾ മനസ്സിലാക്കിയാണ് തന്ത്രിക്ക് വാജിവാഹനം നൽകിയത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് ഇത് വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.

ബോർഡിന്‍റെ സമ്മതത്തോടെ തന്ത്രിക്ക് ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്നും പിടിച്ചെടുത്തത് ശരിയാണോ? ചൈതന്യമുള്ള അത്തരം വസ്തുക്കൾ വീട്ടിൽ കൊണ്ടുവെക്കാൻ പലരും ഭയക്കും. അത്തരക്കാർ അത് തിരിച്ചേൽപ്പിക്കുമായിരിക്കും. ഏൽപ്പിക്കണമെന്ന് നിയമമുണ്ടോ? ഏൽപ്പിച്ചില്ലെങ്കിൽ കുറ്റവാളിയാകുമോ? എങ്കിൽ എന്തിനാണ് കൊടുക്കുന്നത്? കോടതിയിൽ ഹാജരാക്കാൻ വാജിവാഹനം തൊണ്ടിമുതലാണോ? മോഷണം പോയെന്ന് ആരെങ്കിലും പരാതികൊടുത്തിട്ടുണ്ടോ? സ്വർണം എന്നത് വെട്ടി ചെമ്പാക്കി കൊള്ളക്ക് കുട്ടുനിന്ന എല്ലാവരെയും അണിയറയിൽ നിർത്തിയിട്ട് തന്ത്രിയിലും മേൽശാന്തിമാരിലും കുറ്റം ആരോപിക്കുന്ന രീതി സംശയാസ്പദമാണ്” -യോഗക്ഷേമ സഭ പറഞ്ഞു.

Tags:    
News Summary - Yogakshema sbaha supports Tantri Kandru Rajeevaar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.