ഏക സിവില്‍കോഡ് കൊണ്ടുമാത്രം സ്ത്രീകള്‍ക്ക് സമത്വമോ ലിംഗ സമത്വമോ ഉറപ്പാക്കാന്‍ കഴിയില്ല –യെച്ചൂരി

തിരുവനന്തപുരം: ഏക സിവില്‍കോഡ് കൊണ്ടുമാത്രം  സ്ത്രീകള്‍ക്ക് സമത്വമോ ലിംഗ സമത്വമോ ഉറപ്പാക്കാന്‍ കഴിയില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കാന്‍ പോകുന്ന മൂന്നാമത്തെ തലാഖാവും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീളുന്ന ഒക്ടോബര്‍ വിപ്ളവ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
തോന്നിയപോലെയും പെട്ടെന്നും ഏക സിവില്‍കോഡ് നടപ്പാക്കുന്നത് തെറ്റാണെന്നും അത് സ്ത്രീകള്‍ക്ക് അവകാശം നല്‍കില്ളെന്നുമാണ് സി.പി.എമ്മിന്‍െറ അഭിപ്രായം. എല്ലാ മതങ്ങള്‍ക്കും ഏകതാനമായിട്ടുള്ളതാവണം സിവില്‍കോഡ്. നിയമം നിലനിന്നിട്ടും ഇവിടെ സ്ത്രീകള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. അതുപോലെ തന്നെയാണ് വിധവകളുടെ പുനര്‍വിവാഹ വിഷയവും. വിധവകളുടെ ദുരിതം മനസ്സിലാക്കാന്‍  പ്രധാനമന്ത്രിയുടെ മണ്ഡലത്തിലേക്ക് പോയാല്‍ മതിയാവും. ഏക സിവില്‍കോഡ് നടപ്പാക്കണമെങ്കില്‍ ഒരുമിച്ചിരുന്ന് എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ തയാറാക്കാന്‍ പരിശ്രമിക്കാം. മുത്തലാഖ് വിഷയം ഉയര്‍ത്തുന്ന മോദിക്ക്  ഡല്‍ഹി തെരഞ്ഞെടുപ്പോടെ ആദ്യ തലാഖ് ലഭിച്ചു. ബിഹാര്‍  തെരഞ്ഞെടുപ്പായിരുന്നു  രണ്ടാമത്തെ തലാഖ്. യു.പിയില്‍ മൂന്നാമത്തെ തലാഖും ലഭിക്കും.
യു.പി തെരഞ്ഞെടുപ്പ് അടുത്തതോടെ  പുതിയ പ്രശ്നങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസും സൃഷ്ടിക്കുകയാണ്. കശ്മീര്‍ പ്രശ്നം വഷളാക്കി. ഇക്കാര്യത്തില്‍ എല്ലാവരുമായും രാഷ്ട്രീയ ചര്‍ച്ച ആരംഭിക്കുമെന്നാണ് സര്‍വകക്ഷി സംഘത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതുവരെയും അതാരംഭിച്ചിട്ടില്ല. കശ്മീര്‍ ജനത വീണ്ടും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. കശ്മീര്‍ പ്രശ്നത്തെ രാഷ്ട്രീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പ്രത്യയശാസ്ത്രവും രാഷ്ട്രീയ പരിപാടിയുമായി ആര്‍.എസ്.എസ് മുന്നേറുകയാണ്. മതാധിഷ്ഠിതമായ, തീര്‍ത്തും അസഹിഷ്ണുത നിറഞ്ഞ ഫാഷിസ്റ്റ് വ്യവസ്ഥക്കുവേണ്ടിയാണ് ആര്‍.എസ്.എസ് പ്രചാരണം നടത്തുന്നത്. അതിനാലാണ് ലവ്ജിഹാദിന്‍െറയും ഘര്‍വാപസിയുടെയും പശു സംരക്ഷണത്തിന്‍െറയും ദേശസ്നേഹത്തിന്‍െറയും പേരില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നത്. അതിര്‍ത്തി കാക്കുന്ന ജവാന്മാരെ നാം അഭിവാദ്യം ചെയ്യുമ്പോള്‍ യഥാര്‍ഥ രാജ്യസ്നേഹികളായ ചുവപ്പ് വളന്‍റിയര്‍മാര്‍ക്കുകൂടിയാണ് ആ അഭിവാദ്യം. ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും ഹിന്ദുത്വ ദേശീയതയില്‍നിന്ന് ഭിന്നമായി ഇന്ത്യന്‍ ദേശീയതക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്. ജനങ്ങളുടെയും രാജ്യത്തിന്‍െറയും ഭാവി നിര്‍ണയിക്കുക ഇന്ത്യന്‍ ദേശീയതയായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലെ ആര്‍.എസ്.എസ് ആക്രമണം സംബന്ധിച്ച ആല്‍ബം  വി.എസ്. അച്യുതാനന്ദന് നല്‍കി യെച്ചൂരി പ്രകാശനം ചെയ്തു.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Tags:    
News Summary - yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.