തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് സംഭരണശാലകളിലെ തീപിടിത്തം രണ്ടുവർഷം പിന്നിടുമ്പോഴും അന്വേഷണവും നടപടിയും പുകയായി. റിപ്പോർട്ട് തേടലും അന്വേഷണ പ്രഖ്യാപനവുമെല്ലാം മുറപോലെ നടന്നെങ്കിലും 10 ദിവസത്തിനുള്ളിൽ മൂന്ന് ജില്ലകളിലെ മരുന്ന് ഗോഡൗൺ ഒരുപോലെ കത്തിയതിന് കാരണം ഇന്നും അജ്ഞാതം. കോഴിക്കോട് മെഡിക്കൽ കോളജിൽ അഞ്ചുപേരുടെ ജീവനെടുത്ത തീപ്പടർച്ചയുടെ പശ്ചാത്തലത്തിലാണ് കോടികളുടെ മരുന്ന് കത്തിയമർന്ന ഗോഡൗൺ തീപിടിത്തത്തെക്കുറിച്ചും ചോദ്യമുയർന്നത്.
2023 മേയ് 17 നാണ് കൊല്ലം ഉളിയക്കോവിലിലെ മരുന്ന് സംഭരണശാലക്ക് തീപിടിച്ചത്. മേയ് 23ന് തിരുവനന്തപുരത്തെയും മേയ് 27ന് ആലപ്പുഴയിലെയും ഗോഡൗൺ സമാന നിലയിൽ കത്തി. മൂന്നിടത്തും തീപടർന്നത് രാത്രി. കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടിയുടെയും ആലപ്പുഴയിൽ 15 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി.
തിരുവനന്തപുരത്ത് തീ അണയ്ക്കുന്നതിനിടെ, ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ജീവനും നഷ്ടപ്പെട്ടു. ഇത്ര ഗുരുതര നാശനഷ്ടങ്ങളുണ്ടായിട്ടും അതിന്റെ ഗൗരവമൊന്നും ആരോഗ്യവകുപ്പിനുണ്ടായില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് രണ്ടുവർഷമായിട്ടും കാരണം പോലും കണ്ടെത്താനാകാത്തത്. തീപിടിത്തത്തിലെ സമാനതകളെ കുറിച്ച് അന്നേ ദുരൂഹത ഉയർന്നിരുന്നു.
ഗുണനിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡറാണ് തീപിടിത്ത കാരണമെന്ന ആരോഗ്യവകുപ്പിന്റെ വാദം ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയോടെ ആദ്യം തന്നെ അസ്ഥാനത്തായിരുന്നു. ബ്ലീച്ചിങ് പൗഡറിന്റെ രാസപ്രതിപ്രവർത്തനമാണ് കാരണമെന്നായിരുന്നു അടുത്ത വാദം. എന്നാൽ, എന്തുകൊണ്ട് പകൽ തീപിടിത്തമുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
മഴവെള്ളമോ മറ്റോ ബ്ലീച്ചിങ് പൗഡറിൽ കലർന്നത് വഴിയുള്ള രാസപ്രവർത്തനമാണ് കാരണമെന്നായി പിന്നീട്. തിരുവനന്തപുരത്ത് സംഭവസമയം മഴയുണ്ടായിരുന്നെങ്കിലും ആലപ്പുഴയിലില്ലായിരുന്നു. കൊല്ലത്തെ തീപിടിത്തം മിന്നൽ മൂലമാണെന്നാണ് ആദ്യം വാദിച്ചത്. ഗോഡൗൺ ചുമരുകളിലൊന്നും വിള്ളലോ മിന്നലേറ്റ അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതോടെ, കാരണങ്ങൾ മാറ്റിപ്പിടിച്ചു. കോവിഡ് കാലത്ത് അമിത നിരക്കിൽ വാങ്ങിക്കൂട്ടിയ പി.പി.ഇ കിറ്റ്, കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരിക്കുന്ന ഗുളികകൾ, മരുന്നുകൾ, പഞ്ഞി എന്നിവയാണ് അഗ്നിക്കിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.