കണ്ണൂർ: നന്മയുടെ വിഷുക്കൈനീട്ടമായി, സ്വന്തം വീടെന്ന സ്വപ്നത്തിന് നിറമേകി ഗുസ്തി താരം ടി.എം. രഞ്ജിത്തിന് അക്ഷരവീട്. ഗുസ്തിക്കളത്തിലും ജീവിതത്തിലും രഞ്ജിത്ത് ചെയ്ത നല്ല കാര്യങ്ങളുടെ വിളവെടുപ്പുപോലെ നാട്ടുകാരുടെ സ്നേഹസാന്നിധ്യത്താൽ നിറഞ്ഞ പ്രൗഢഗംഭീര ചടങ്ങിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അക്ഷരവീടിെൻറ നിർമാണോദ്ഘാടനം നിർവഹിച്ചു. മനുഷ്യത്വം കച്ചവടത്തിെൻറ ഭാഗമായി മാറിയിരിക്കുന്ന കാലത്താണ് കൂട്ടായ്മയുടെ ഭാഗമായി ഇത്തരം സ്നേഹത്തുരുത്തുകൾ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയുടെയും സാഹോദര്യത്തിെൻറയും സൗഹാർദത്തിെൻറയും പ്രതീക്ഷകൾ നമ്മുടെ നാട്ടിലുണ്ട് എന്ന് വിളിച്ചോതുന്ന ഉദാത്തമായ ഒരു മാതൃകയാണ് അക്ഷര വീടെന്നും സുമേഷ് പറഞ്ഞു.
‘മാധ്യമം’, അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ്പ് എന്നിവ സംയുക്തമായി നിർമിച്ചുനൽകുന്ന അക്ഷരവീട് പദ്ധതിയിലെ എട്ടാമത് വീടാണ് കണ്ണൂർ താഴെചൊവ്വ പാതിരിപ്പറമ്പിൽ നിർമിച്ചുനൽകുന്നത്. തൊണ്ണൂറുകളിൽ ഗുസ്തിയിൽ കണ്ണൂരിൽ നിന്ന് ഉദിച്ചുയർന്ന താരമാണ് രഞ്ജിത്ത്. ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അഗ്രഗണ്യനായ ഇദ്ദേഹം ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയിരുന്നു.
മികച്ച ഗുസ്തി താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള ഗുസ്തിക്കളരി തുടങ്ങുന്നതിനും ജീവിതം പച്ചപിടിപ്പിക്കുന്നതിനുമായി ഗൾഫിലെത്തിയെങ്കിലും അപകടത്തെ തുടർന്ന് ശരീരം തളർന്നനിലയിലാണ് നാട്ടിൽ തിരിച്ചെത്തിയത്. നാലുമാസത്തോളം ഗൾഫിലെ ആശുപത്രിയിൽ കോമയിലായിരുന്നു. വർഷങ്ങളുടെ ചികിത്സകൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്ന രഞ്ജിത്തിന് കൂടുതൽ പ്രത്യാശ പകർന്നാണ് അക്ഷരവീട് ഒരുക്കുന്നത്. മലയാളാക്ഷരങ്ങളിലെ എട്ടാമത് അക്ഷരമായ ‘എ’ എന്ന പേരാണ് രഞ്ജിത്തിെൻറ വീടിെൻറ വിലാസമാകുക.
വിഷുക്കൈനീട്ടമായി പ്രവൃത്തി തുടങ്ങുന്ന വീട് ഒാണസമ്മാനമായി രഞ്ജിത്തിന് സമ്മാനിക്കുമെന്ന് ചടങ്ങ് പ്രഖ്യാപിച്ചു. സംഘാടകസമിതി ചെയർപേഴ്സനും കണ്ണൂർ കോർപറേഷൻ മേയറുമായ ഇ.പി. ലത അധ്യക്ഷതവഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പദ്ധതിസമർപ്പണം നിർവഹിച്ചു. ‘അമ്മ’ പ്രതിനിധിയായ ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ, യു.എ.ഇ എക്സ്ചേഞ്ച് നോർത്ത് കേരള റീജനൽ ഹെഡ് എം. സുനീഷ് എന്നിവർ അക്ഷരവീട് സ്നേഹസന്ദേശം നൽകി.
കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി.ഒ. മോഹനൻ, കോർപറേഷൻ കൗൺസിലർമാരായ തൈക്കണ്ടി മുരളീധരൻ, എസ്. ഷഹീദ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് എൻജിനീയർ അജിത്ത് കെ. ജോസഫ്, സ്പോർട്സ് കൗൺസിൽ മുൻ ജില്ല പ്രസിഡൻറ് പി. ഷാഹിൻ, ഇന്ത്യൻ സ്റ്റൈൽ െറസ്ലിങ് അസോസിയേഷൻ ജില്ല സെക്രട്ടറി മുഹമ്മദ് അസാഹിദ് എന്നിവർ സംസാരിച്ചു. ‘മാധ്യമം’ ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ് സ്വാഗതവും ‘മാധ്യമം’ കണ്ണൂർ യൂനിറ്റ് റീജനൽ മാനേജർ കെ. ഉമർഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.