പാലക്കാട്: വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഉപയോഗാനുമതി (താമസാനുമതി-ഒക്യുപൻസി സർട്ടിഫിക്കറ്റ്) നൽകുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ നിലനിന്നിരുന്ന ആശങ്കക്കും അപേക്ഷകന് സഹിക്കേണ്ടിവന്ന കാലതാമസത്തിനും അറുതിയായി.
കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരം താമസാനുമതി രേഖ നൽകേണ്ട ഉദ്യോഗസ്ഥക്രമം നിശ്ചയിച്ച രേഖയാണ് തദ്ദേശവകുപ്പ് പുറത്തിറക്കിയത്. നേരത്തേ സെക്രട്ടറി നൽകേണ്ട താമസാനുമതി പത്രം ഉദ്യോഗസ്ഥർ നൽകുന്നത് സംബന്ധിച്ച് പരാതിയും നിയമനടപടികളും ഉണ്ടായതിനെത്തുടർന്നാണ് ചുമതലപ്പെടുത്തൽ രേഖ പുറത്തിറക്കിയത്.
പുതിയ ഉത്തരവ് പ്രകാരം കെട്ടിടവിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് നിർമാണാനുമതിയും താമസാനുമതിയും നൽകാം. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 300 ച.മീ വരെ നിർമിതികളിൽ മേൽക്കൂരയുടെ പരിവർത്തനം ഉൾപ്പെടെ താമസാനുമതി അനുവദിക്കേണ്ട അധികാരി അസി. എൻജിനീയറായിരിക്കും.
300 ചതുരശ്ര മീറ്ററിന് മീതെയുള്ളതും 750 ച.മീറ്ററിൽ കൂടാത്തതുമായ കെട്ടിട നിർമാണം ഉൾപ്പെടെ ചുമതല അസി. എക്സിക്യൂട്ടിവ് എൻജിനീയർക്കാണ്. 750 ച.മീറ്ററിൽ അധികവും 1500 ച. മീറ്റർ വരെയുള്ളവയുടെ ചുമതല എക്സി. എൻജിനീയർക്കും 1500 ച. മീറ്ററിൽ കൂടുതലുള്ളതും 2500 ച. മീറ്റർ കവിയാത്ത എല്ലാ ഉപയോഗ ഗണങ്ങളിലുള്ള കെട്ടിട നിർമാണച്ചുമതല സൂപ്രണ്ടിങ് എൻജിനീയർക്കും ആയിരിക്കും.
നിർമിതി വിസ്തീർണം 2500 ച. മീറ്റിൽ കൂടുന്ന എല്ലാ ഉപയോഗ ഗണത്തിലുള്ള കെട്ടിടങ്ങളുടെ താമസാനുമതി സർട്ടിഫിക്കറ്റിന്റെ ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ്. ഉദ്യോഗമസ്ഥ വിന്യാസമനുസരിച്ച് ഫസ്റ്റ്, സെക്കൻഡ്, തേഡ് ഗ്രേഡ് നഗരസഭകളിൽ ഉദ്യോഗസ്ഥച്ചുമതലയും വ്യത്യസ്തമായിരിക്കും.
അപേക്ഷ ലഭിച്ച് ഒരാഴ്ചക്കകം ബിൽഡിങ് ഇൻസ്പെക്ടർ, ഓവർസിയർ, അഥവാ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പ്ലാനിലുള്ള പോലെയാണോ നിർമാണം എന്ന് പരിശോധിക്കണം. മൂന്ന് മാസത്തിന് ശേഷം ഓരോ ഉദ്യോഗസ്ഥന്റെയും ജോലി ഭാരം സെക്രട്ടറി വിലയിരുത്തി പുനഃക്രമീകരിക്കണം.
തീരുമാനമെടുക്കാത്തവയിൽ മേയർ, മുനിസിപ്പൽ ചെയർമാൻ തലവനായി സമിതി രൂപവത്കരിച്ച് രണ്ടാഴ്ചക്കകം തീരുമാനമെടുക്കണം. സമയപരിധിക്കകം അപേക്ഷകനെ തീരുമാനം അറിയിക്കണം. മുമ്പ് നിർമാണ അനുമതിക്ക് വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും താമസാനുമതിക്ക് കൃത്യമായ വ്യവസ്ഥ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.