സ്വയം പ്രതിരോധത്തിന് കളരി പരിശീലനവുമായി വീട്ടമ്മ

കൊളത്തൂര്‍: പെണ്ണിന്‍െറ രക്ഷക്ക് ആരുണ്ടെന്ന ചോദ്യത്തിന് മുന്നില്‍ ഈ വീട്ടമ്മക്ക് ഉത്തരം ഒന്നേയുള്ളൂ. നിത്യാഭ്യാസത്തിലൂടെ കരുത്ത് നേടിയ പെണ്ണുതന്നെ സ്വയം പ്രതിരോധിക്കണം. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിനും ആത്മ ധൈര്യത്തിനും കളരിയിലൂടെ കഴിയുമെന്ന് ആണയിടുകയാണ് ഈ വീട്ടമ്മ. 28 വര്‍ഷത്തെ ആയോധന പരിശീലനത്തിലൂടെ കൊളത്തൂര്‍ തെക്കുംതൊടിയിലെ സജിനി ഭാസ്കര്‍ കീഴടക്കിയത് നിരവധി നേട്ടങ്ങളാണ്.

മൂന്നാം വയസ്സില്‍ തുടങ്ങിയതാണ് കളരി പരിശീലനം. കുറ്റിപ്പുറം കാലടി വല്ലഭട്ട വിശ്വനാഥ ഗുരുക്കളുടെ കീഴിലാണ് പഠനം തുടങ്ങിയത്. കോങ്ങിണി കളരിയില്‍ പിതാവ് കുഞ്ഞന്‍ പ്രശസ്തനാണ്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും കളരി അഭ്യാസികളാണ്. ഡല്‍ഹി, ഹൈദരാബാദ്, ജംഷഡ്പൂര്‍, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

2005ല്‍ ഡല്‍ഹിയില്‍ റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് സജിനി പറയുന്നു. കണ്ണുകെട്ടി പയറ്റി നിരവധി വേദികളില്‍ കാണികളുടെ കൈയടി നേടിയിട്ടുണ്ട്. ഏഷ്യന്‍ റെക്കോഡ്, യു.ആര്‍.എഫ് റെക്കോഡ് തുടങ്ങിയവ സജിനിയെ തേടിയത്തെിയ അംഗീകാരങ്ങളില്‍ ചിലതുമാത്രം. പൊലീസിന്‍െറ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി ‘വുമന്‍ സെല്‍ഫ് ഡിഫന്‍സ്’ എന്ന വിഷയത്തില്‍ വനിതകള്‍ക്ക് പ്രയോഗിക പരിശീലനം നല്‍കുന്നുണ്ട്.

ഗവ. ഹൈസ്കൂളുകളിലും സ്ഥിരമായി ക്ളാസുണ്ട്. പെരിന്തല്‍മണ്ണ നഗരസഭയുടെ ‘ജാഗ്രത സ്ത്രീ സുരക്ഷ’ പദ്ധതിയിലും പരിശീലനം നല്‍കുന്നുണ്ട്. കളരി പഠനം കൊണ്ട് ഗുരു ശിഷ്യ ബന്ധം, സ്വയം രക്ഷ, ആത്മ ധൈര്യം, ബുദ്ധി വികാസം, പഠന താല്‍പര്യം എന്നിങ്ങനെ ഗുണങ്ങള്‍ നിരവധിയാണെന്ന് ഇവര്‍ പറയുന്നു. നാഷനല്‍ ജ്യോഗ്രഫിക് ചാനലിലും നിരവധി മലയാളം ചാനലുകളിലും അഭ്യാസ പ്രകടനത്തിന് സജിനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ഭാസ്കരനും മകന്‍ അജയും സജിനിക്കൊപ്പമുണ്ട്.

Tags:    
News Summary - women's day 2017 special martial arts trainer sajini bhasker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.