പുരുഷരോഗികളിൽ ഉഴിച്ചിലിന്​ വനിത തെറപ്പിസ്​റ്റുകൾ: എം.എൽ.എമാർ ഇടപെട്ടിട്ടും അനങ്ങാതെ ആരോഗ്യവകുപ്പ്

കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ വനിത തെറപ്പിസ്​റ്റുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അറിഞ ്ഞിട്ടും ആരോഗ്യവകുപ്പ് കണ്ണടക്കുകയാണെന്ന്​ സൂചന. പുരുഷരോഗികളെ വനിത തെറപ്പിസ്​റ്റുകൾ ഉഴിച്ചിൽ നടത്തുന്നതിനെ ക്കുറിച്ച്​ പലപ്പോഴും പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് എം.എൽ.എമാരടക്കം ഇടപെട്ടിട്ടും സാഹചര്യങ്ങൾക്ക് മാറ്റം ഉണ്ടായില്ല.

എം.എൽ.എമാരായ സി.കെ. ആശ, എം. സ്വരാജ് എന്നിവർ ഈ ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എന്നാൽ, വനിതകളെ പുരുഷന്മാരുടെ ഉഴിച്ചിലിനു നിയോഗിക്കുന്ന പതിവ് അവസാനിച്ചില്ല. പുതിയ തസ്​തിക സൃഷ്​ടിക്കുക എന്നതാണ്​ പ്രശ്​നപരിഹാരമെന്നാണ്​ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.

ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിക്കും ​അനുകൂല മനോഭാവമാണുള്ളത്​. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പാണ്​ തടസ്സം നിൽക്കുന്നതെന്നാണ് സൂചന​. അതേസമയം, ഔഷധിയിലും ഇടുക്കി ജില്ലയിലെ ആയുർവേദ ആശുപത്രികളിലും ഇതേ കാലയളവിൽ തസ്തികകൾ ഉണ്ടാക്കുകയും നിയമനം നടത്തുകയും ചെയ്​തിട്ടുണ്ട്​.

കൂടാതെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ‘ട്രഡീഷനല്‍ നോളജ് ഇന്നവേഷന്‍ കേരള’യില്‍ എട്ട് താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്ത് മാനദണ്ഡമാണ് ഇതിനു പിന്നിലുള്ളതെന്നു വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അതിനിടെ, വനിത തെറപ്പിസ്​റ്റുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്​ ആരോഗ്യവകുപ്പ്​ ഡയറക്​ടറേറ്റിൽനിന്ന്​ എല്ലാ ജില്ലകളിലെയും ഡി.എം.ഒമാരോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - women therapist massage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.