കൽപ്പറ്റ: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി കോൺഗ്രസ് വിട്ടു. സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നതിൽ മനംനൊന്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹിളാ കോൺഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിന് ഒരു സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. അതേ കുറിച്ച് ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചതായും കെ.സി റോസക്കുട്ടി പറഞ്ഞു. ബിന്ദുകൃഷ്ണക്ക് സീറ്റിനായി കരയേണ്ടിവന്നു. വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
വയനാട് ജില്ലയിൽ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടൊ എന്ന് ആലോചിച്ച് തീരുമാനമെടുക്കും. ഇപ്പോൾ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കെ.സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി.
പാർട്ടിയുടെ പ്രാഥമിക അംഗത്വവും അവർ രാജിവെച്ചിട്ടുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് സ്ഥാനം, എ.ഐ.സി.സി അംഗത്വം എന്നിവയും രാജിവച്ചു.
വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിക്കാത്തതിൽ അവർ പ്രതിഷേധം അറിയിച്ചു. 1991-96ൽ സുൽത്താൻ ബത്തേരി എം.എൽ.എയായിരുന്നു. വനിത കമീഷൻ മുൻ അധ്യക്ഷയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റ സീറ്റീൽ റോസക്കുട്ടി ടീച്ചറുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.