കോഴിക്കോട്: ഇന്നലെ കോഴിക്കോട് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഓണാഘോഷപരിപാടി ‘മാവേലിക്കസിന്‍റെ’ ലോഗോ പ്രകാശനത്തിനെത്തിയ റാപ്പർ വേടൻ അപ്രതീക്ഷിതമായ ആ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. മരിച്ചുപോയ അമ്മയുടെ ചിത്രമായിരുന്നു കോഴിക്കോട് മുക്കം മണാശ്ശേരിക്കാരിയായ മെഹ്‌റൂജ ഫ്രെയിം ചെയ്ത് സമ്മാനമായി നൽകിയത്.
വിനോദസഞ്ചാര വകുപ്പിന്‍റെ പരിപാടിയിലേക്ക് വേടൻ എത്തുന്നതറിഞ്ഞ് നൂറുകണക്കിന് ആരാധാകരാണ് തടിച്ചുകൂടിയിരുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം ചേർന്ന് ലോഗോ പ്രകാശനം നിർവഹിക്കുകയും ഓണാഘോഷ പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ഒരു പാട്ട് പാടുകയും ചെയ്തു. ശേഷം പോകാനായി വേദിയിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു വേടൻ. ഈ സമയത്താണ് മെഹ്റൂജ എന്ന യുവതി എത്തിയത്. അമ്മയുടെ ചിത്രവുമായാണ് വന്നതെന്ന് വേടന്‍റെ കാതിൽ പറഞ്ഞു. അദ്ഭുതപ്പെട്ടുനിന്ന വേടന് ബാഗിൽനിന്ന് സമ്മാനപ്പൊതി എടുത്ത് ഫ്രെയിം ചെയ്ത അമ്മയുടെ ചിത്രം നൽകി. അമ്മയുടെ ഫോട്ടോ കണ്ട വേടൻ വികാരാധീനനായി. മെഹ്റൂജയിൽനിന്ന് വിരങ്ങൾ ചോദിച്ചറിഞ്ഞു, ചിത്രം നെഞ്ചോട് ചേർത്തു.
2020ൽ കോവിഡ് കാലത്ത് കോഴിക്കോട്ടെ മെഹ്റൂജയുടെ വീട്ടിൽ മൂന്നുമാസത്തോളം വേടന്‍റെ അമ്മ താമസിച്ചിരുന്നു. മകൻ പാട്ടുകാരനാണെന്നും യൂട്യൂബിലൊക്കെ പാട്ടുകൾ പാടുന്നുണ്ടെന്നും അന്ന് മെഹ്റൂജയോട് അമ്മ പറഞ്ഞിരുന്നു. അവർ നാട്ടിലേക്ക് മടങ്ങുമ്പോൾ ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോയ മെഹ്റൂജ അമ്മക്കൊപ്പം സെൽഫി എടുത്തു.
ശേഷം അമ്മയെ വാട്സ്ആപ്പിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മെഹ്റൂജ പറയുന്നു. മരിച്ചെന്ന് വേടന്‍റെ അച്ഛൻ അറിയിക്കുകയായിരുന്നു. നാലു മാസമായി േവടന് ഈ ചിത്രം സമ്മാനിക്കാൻ കാത്തരിക്കുകയായിരുന്നു യുവതി. വേടന്‍റെ അച്ഛനാണ്, മകൻ കോഴിക്കോട് വരുന്നുണ്ടെന്നും വേദിയിൽ പോയി ചിത്രം കൊടുക്കണമെന്നും പറഞ്ഞത്. അന്ന് എടുത്ത സെൽഫി ചിത്രമാണ് മെഹ്റൂജ വേടന് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.