മാരാരിക്കുളം (ആലപ്പുഴ): സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിലെ മൂന്നര പവൻ്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് കടന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തെ വെളിയിൽ മേഴ്സി ഡാലി (38)യുടെ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് കോർത്തുശേരി പടിഞ്ഞാറ് ശോണിമ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.
തീരദേശത്തേക്കുള്ള തിരക്കു കുറഞ്ഞ റോഡിലൂടെ പോകുകയായിരുന്നു മേഴ്സി ഡാലി. മുന്നിലുണ്ടായിരുന്ന ബൈക്ക് വളയ്ക്കുവാൻ ശ്രമിക്കുകയെന്ന വ്യാജന വേഗത കുറച്ചപ്പോൾ പിന്നാലെ വന്ന മേഴ്സിയും സ്കൂട്ടർ പതുക്കെയാക്കി. ഇതിനിടെ ബൈക്കിന് പിന്നിലിരുന്നയാൾ ഇറങ്ങി വന്ന് മേഴ്സിയുടെ മാല പൊട്ടിക്കുകയായിരുന്നു.
പെട്ടെന്ന് മോഷ്ടാവിൻ്റെ ഷർട്ടിൽ പിടിച്ചു നിർത്തുവാൻ ശ്രമിച്ചെങ്കിലും ശക്തിയായി തള്ളിയതോടെ മേഴ്സി സ്കൂട്ടറുമായി റോഡിലേക്ക് വീണു. ഇതിനിടെ മോഷ്ടാക്കൾ കടന്നുകളയുകയും ചെയ്തു.
റോഡിൽ വീണതിനെ തുടർന്ന് കൈയ്ക്കും കാലിനും പരിക്കേറ്റ മേഴ്സി ചെട്ടിക്കാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി. മണ്ണഞ്ചേരി പൊലീസിൻ്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ ചേർത്തലയിലും സമാനരീതിയിൽ മോഷണം നടന്നതായും രണ്ടും ഒരേ സംഘമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.