പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതികൾ
കൊല്ലം: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ചവറ സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മൂന്ന് പ്രതികൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. തൃശൂർ ചാമക്കാല ചെന്ത്രാപ്പിന്നി വള്ളിവട്ടം സ്വദേശി സാഹിൽ സലീം(19), കോഴിക്കോട് കുന്നമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ചൂലാംവയൽ വട്ടംപാറക്കൽവീട്ടിൽ ഷിയാൻ അഹമ്മദ്(20), കോഴിക്കോട് താമരശ്ശേരി പുതുപ്പാടി അടിവാരം കോട്ടയിൽ കെ. മുഹമ്മദ് മുസമ്മിൽ (20) എന്നിവരാണ് പിടിയിലായത്.
ചവറ സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി ലഭ്യമാണെന്നും വളരെ കുറച്ച് സമയം മാത്രം ജോലി ചെയ്ത് മികച്ച വരുമാനമുണ്ടാക്കാമെന്നുമുള്ള സന്ദേശമയച്ച് വിശ്വസിപ്പിച്ചശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാക്കുകയായിരുന്നു. തുടർന്ന്, ജോലിയുടെ ഭാഗമായി സ്വർണലേലത്തിൽ പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കാൻ വർക്കിങ് അക്കൗണ്ട് വേണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ ലിങ്കുകൾ അയച്ചുനൽകി വർക്കിങ് അക്കൗണ്ട് നിർമിച്ച് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു.
പ്രതികളുടെ വാഗ്ദാനം വിശ്വസിച്ച് യുവതി പല തവണയായി 11 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. ഓരോ തവണ നിക്ഷേപം നടത്തിയപ്പോഴും മികച്ച ലാഭം ലഭിച്ചതായി വർക്കിങ് അക്കൗണ്ടിൽ കാണിച്ചത് കൂടുതൽ നിക്ഷേപത്തിന് പ്രേരണയായി. എന്നാൽ, പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതായി. ഇതോടെ, തട്ടിപ്പ് മനസ്സിലാക്കി കൊല്ലം സിറ്റി സൈബർ പൊലീസിൽ പരാതി നൽകി.
തുടർന്ന്, പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികളാണ് എ.ടി.എം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന്‍റെ നിർദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി. പൊലീസ് കമീഷണർ എ. നസീറിന്‍റെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐമാരായ ഗോപകുമാർ, നന്ദകുമാർ, രാഹുൽ കബൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.