തൃശൂർ: കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ. സോന (30) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോനക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രി പാർട്ണറുമായ മഹേഷാണ് ഇവരെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കൃത്യം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട മഹേഷിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിത ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.