കൊല്ലപ്പെട്ട വിജയകുമാരി, പ്രതികളായ നിഖില്‍, അനീഷ്
നെയ്യാറ്റിന്‍കര (തിരുവനന്തപുരം): അയല്‍വാസിയുടെ കൊടുംക്രൂരതയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി കഴുത്തില്‍ കൂര്‍ത്ത മരക്കമ്പ് കുത്തിയിറക്കിയ നെയ്യാറ്റിന്‍കര അതിയന്നൂര്‍ കരിക്കകംതല പുത്തന്‍വീട്ടില്‍ വിജയകുമാരി (45) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രതികളായ അതിയന്നൂര്‍ വെണ്‍പകല്‍ കമുകിന്‍കോട് ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), അതിയന്നൂര്‍ അരങ്കമുകള്‍ കോട്ടുകാലകുഴി നേരെ വീട്ടില്‍ നിഖില്‍ (21) എന്നിവരെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയകുമാരിയുടെ വീടിന്റെ അടുത്തുള്ള സ്ഥലം അനീഷ് അടുത്തിടെ വാങ്ങിയിരുന്നു. വീടുവെക്കാൻ ഇയാൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചയോടെ തിരികെയെത്തിയ അനീഷും ബന്ധുവും ചേര്‍ന്ന് വിജയകുമാരിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് മകള്‍ ശിവകല പൊലീസിന് മൊഴി നല്‍കി.
വീട്ടിനുള്ളില്‍നിന്നും ശിവകല പുറത്ത് വരുമ്പോള്‍ വിജയകുമാരിയുടെ കഴുത്തില്‍ കമ്പ് കുത്തിയിറക്കിയ നിലയിലാണ് കണ്ടത്. കഴുത്തിന്റെ മറുവശത്ത് വരത്തക്ക രീതിയിലാണ് കമ്പ് തുളച്ച് കയറിയത്. ശിവകല ഇത് പുറത്തെടുത്ത ശേഷം അമ്മയെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ വലത് കൈക്കും പൊട്ടലുണ്ടായിരുന്നു. സംഭവ ദിവസം മുതല്‍ അബോധാവസ്ഥയിലായിരുന്ന വിജയകുമാരി വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
വസ്തു ഉടമ അനീഷും നിഖിലും ചേര്‍ന്നാണ് വിജയകുമാരിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസംതന്നെ ഇരുവരെയും നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ നെയ്യാറ്റിന്‍കര കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.