ഗാന്ധിനഗർ (കോട്ടയം): കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒക്കെതിരെ വിജിലൻസിന് പരാതി നൽകിയ യുവതി ഒടുവിൽ ഹണിട്രാപ്പ് കേസിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയാണ് കീഴടങ്ങിയത്. കേസിലെ പ്രതികളായ ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവരും സ്റ്റേഷനിൽ കീഴടങ്ങി. ധന്യ എട്ടുമാസം ഗർഭിണിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി ജാമ്യത്തിൽ വിട്ടു.
മറ്റൊരു കേസിൽ നിന്ന് രക്ഷപ്പെടുവാനായി ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ചാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒക്കെതിരെ യുവതിയും ഭർത്താവും വിജിലൻസിൽ പരാതി നൽകിയത്.
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിലാണ് ധന്യക്കും ഭർത്താവിനും എതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാരൻ അമേരിക്ക ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ് വെയർ എൻജീനറാണ്. ഭാര്യ 2021 ൽ എം.ജി. യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനിയായിരുന്നു. പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
പിന്നീട് 2022 മുതൽ ഈ ചിത്രങ്ങൾ പരാതിക്കാരന്റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുക്കുകയുമായിരുന്നു. ഇതിനിടെ പ്രതികളുടെ സുഹ്യത്തായ തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നയാളും പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണംവാങ്ങി. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവൻ തട്ടിയെടുത്തശേഷം പ്രതികൾ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന്പ്രതികൾ മൂന്നുപേരും ഒളിവിൽ പോയി. ഇതേ പ്രതികൾ സമാനമായ തട്ടിപ്പു നടത്തി നിരവധി ആളുകളിൽനിന്നും പണം തട്ടിയതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.