കുഞ്ഞിനെ ഉപേക്ഷിച്ചുകടന്നെന്ന കള്ളക്കേസിൽ യുവതിയും സഹപ്രവർത്തകനും റിമാൻഡിലായ സംഭവം: എസ്​.ഐക്ക്​ നോട്ടീസ്

കൊച്ചി: കുഞ്ഞിനെ ഉപേക്ഷിച്ചുകടന്നെന്ന കള്ളക്കേസിൽ യുവതിയെയും ഇവരുടെ സഹപ്രവർത്തകനെയും അറസ്‌റ്റ് ചെയ്ത്​ ജയിലിലടച്ച സംഭവത്തിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ എസ്​.ഐക്ക്​ ഹൈകോടതിയുടെ നോട്ടീസ്​. യുവതിയും സഹപ്രവർത്തകനും നൽകിയ ഹരജിയിലാണ്​ എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഫൈസലിന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ്​ ഉത്തരവായത്​.

യുവതിയുടെ വിശദീകരണം കേൾക്കാതെ ഇവരെ റിമാൻഡ് ചെയ്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ നടപടി സംബന്ധിച്ച്​ റിപ്പോർട്ട്​ തേടിയ കോടതി ജൂലൈ ഏഴിന്​ ഹരജി പരിഗണിക്കാൻ മാറ്റി. വിവാഹമോചിതയായ യുവതി 10 മാസമായ കുഞ്ഞുമായി മാതാവിനൊപ്പമായിരുന്നു താമസം. മാതാവിന്‍റെ അടുപ്പക്കാരനായ വ്യക്തി തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന് പരാതിപ്പെട്ടിട്ടും മാതാവ്​ ഇടപെടാതിരുന്നതോടെ യുവതി സഹപ്രവർത്തകനായ യുവാവുമായി കമീഷണർ ഓഫിസിലെത്തി പരാതി നൽകി. സംഭവം അറിഞ്ഞ മാതാവ്​ യുവതിയോട്​ വീട്ടിൽ കയറരുതെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതിക്ക് സഹപ്രവർത്തകനൊപ്പം പോകേണ്ടി വന്നു.

തുടർന്ന് മകളെ കാണാനില്ലെന്ന്​ കാണിച്ച് മാതാവ്​ പൊലീസിലും യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്ന്​ ശിശുക്ഷേമ സമിതിയിലും പരാതി നൽകി. ഇതോടെ എളമക്കര പൊലീസ് യുവതിയെയും യുവാവിനെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ യുവതി തന്റെ പരാതി വിശദീകരിച്ചെങ്കിലും ഇത്​ കണക്കിലെടുക്കാതെ ഇരുവരെയും റിമാൻഡ് ചെയ്തു. തുടർന്നാണ് യുവതിയും സഹപ്രവർത്തകനും കോടതിയലക്ഷ്യ ഹരജി നൽകിയത്.

ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം പ്രതികൾക്ക് മുൻകൂർ നോട്ടീസ് നൽകണമെന്നും വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയും കോടതിയലക്ഷ്യ നടപടിയുമാകാമെന്നും അർനേഷ് കുമാർ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതായി ചൂണ്ടിക്കാട്ടിയാണ്​ കോടതിയലക്ഷ്യ ഹരജി നൽകിയത്​. പലതവണ സമയം നീട്ടിനൽകിയിട്ടും ഹരജിയിൽ എസ്.ഐ സത്യവാങ്മൂലം നൽകാത്തതിനെ തുടർന്നാണ്​ ഡിവിഷൻ ബെഞ്ച് നടപടി സ്വീകരിച്ചത്. ഇവരെ റിമാൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്​ എങ്ങനെയെന്നതടക്കമുള്ള വിവരങ്ങൾ മജിസ്ട്രേറ്റിൽനിന്ന് ആരാഞ്ഞ്​ രണ്ടാഴ്‌ചക്കകം രജിസ്ട്രാർ ജനറൽ റിപ്പോർട്ട് നൽകണമെന്നാണ്​ കോടതിയുടെ നിർദേശം.

യുവതിയെ ലൈംഗിക അതിക്രമത്തിന്​ വിധേയനാക്കിയെന്ന ആരോപണം നേരിടുന്ന വ്യക്തി യുവതിയുടെ അച്ഛനാണെന്ന് എഫ്.ഐ.ആറിൽ ​ചേർക്കാനിടയാ​യത്​ എങ്ങനെയെന്നും ഈ വ്യക്തിയും യുവതിയുടെ അമ്മയും നിയമപരമായി വിവാഹം കഴിച്ചതാണോയെന്നും ഉൾപ്പെടെയുള്ള വിവരങ്ങളും അറിയിക്കാൻ സിറ്റി പൊലീസ്​ കമീഷണർക്കും നിർദേശം നൽകി.

Tags:    
News Summary - Woman and colleague remanded in fake case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.