മധു വധം: ഒരു സാക്ഷികൂടി കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന്​ പറഞ്ഞ്​ കോടതിയിലേക്ക് ഓടിക്കയറി

മണ്ണാർക്കാട് (പാലക്കാട്​): അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. തിങ്കളാഴ്ച വിചാരണ നടത്തിയ 12ാം സാക്ഷി അനിൽ കുമാറിനെയാണ് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എൻ. രതീഷ് കുമാർ കൂറുമാറിയതായി പ്രഖ്യാപിച്ചത്. മധുവിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ അറിയില്ലെന്നും അനിൽ കുമാർ കോടതിയിൽ പറഞ്ഞു. വിചാരണ പൂർത്തിയാക്കി കോടതിയിൽനിന്ന് പുറത്തിറങ്ങിയ അനിൽ കുമാർ വീണ്ടും കോടതിമുറിയിലേക്ക് ഓടിക്കയറിയത് ആശങ്കയുണ്ടാക്കി.

ഇയാൾ കോടതിയിലേക്ക് ഓടിക്കയറുന്നത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജഡ്ജി മുമ്പാകെയെത്തിയ അനിൽ കുമാർ തന്നെ കോടതി വരാന്തയിൽ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. പൊലീസ് ഭീഷണി സംബന്ധിച്ച് രേഖപ്പെടുത്തണമെന്നും ഇക്കാര്യം മേൽകോടതിയിൽ അറിയിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജഡ്ജി അനിൽ കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി. തന്നെ പിടിച്ചുവലിച്ചതായും കാണിച്ചുതരാമെന്ന് പറഞ്ഞതായും തനിക്ക് ഭയമുണ്ടെന്നും അനിൽ കുമാർ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചു. പൊലീസ് സംരക്ഷണയിലാണ് അനിൽ കുമാർ കോടതിയിലെത്തിയതെങ്കിലും പൊലീസുകാരോടൊപ്പം തിരിച്ചുപോകാൻ ഭയമുണ്ടെന്ന് അനിൽ കുമാർ പറഞ്ഞു. വനം വകുപ്പിലെ താൽക്കാലിക വാച്ചറാണ് അനിൽ കുമാർ. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിക്കുന്നെന്ന പരാതിയെത്തുടർന്ന് സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ജില്ല കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

എന്നാൽ, പ്രതിഭാഗമല്ല പൊലീസാണ് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതെന്നും പൊലീസ് കസ്റ്റഡിയിലാണ് മധു മരിച്ചതെന്നതാണ് ഇതിന് കാരണമെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ചൊവ്വാഴ്ച 13ാം സാക്ഷിയുടെ വിസ്താരം നടക്കും. കേസിൽ മൂന്ന് സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.

Tags:    
News Summary - witness defected in Madhu Murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.