ശബരിമല-പൗരത്വ സമരകേസുകൾ പിൻവലിക്കൽ: സ്ഥിതി, സ്വഭാവം എന്നിവ പരിശോധിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ കമ്മിറ്റി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സംസ്ഥാനത്ത് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീമിന്‍റെ ചോദ്യത്തിനുത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി.

സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കാനാണ് കമ്മിറ്റിയെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി വിശദീകരിച്ചു. നേരത്തെ ഗുരുതരമല്ലാത്ത ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടന്ന അക്രമസമരങ്ങളുമായി ബന്ധപ്പെട്ട് 2636 ഉം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 836 ഉം കേസുകൾ നിലവിലുണ്ടെന്നും വ്യക്തമാക്കി. രണ്ടു വിഭാഗത്തിലും ജില്ല തിരിച്ചുള്ള കണക്കുകളുടെ വിവരം ശേഖരിച്ചു വരുന്നതായും മുഖ്യമന്ത്രി കൂട്ടിചേർത്തു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറെടുത്ത നിർണായക തീരുമാനമായിരുന്നു ശബരിമല- പൗരത്വ പ്രതിഷേധ കേസുകളുടെ പിൻവലിക്കൽ. പൗരത്വ സമര കേസുകളിൽ ഇതു വരെ രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചതെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.

Tags:    
News Summary - Withdrawal of Sabarimala-Citizen Struggle Cases: Committee headed by IG to examine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.