പെരിന്തൽമണ്ണ: വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെച്ചതിനെതിരെ പ്രതിഷേധവുമായി വിസ്ഡം നേതാക്കൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
'നേരം വെളുക്കുംവരെ ഡി.ജെ പാർട്ടി നടത്താൻ പ്രശ്നമില്ലാത്ത നാട്ടിൽ, കള്ളുകുടിച്ച് കൂത്താടാൻ പ്രശ്നമില്ലാത്ത നാട്ടിൽ, ഇങ്ങനെയൊരു പരിപാടി ഒരു പത്തുമിനുറ്റ് വൈകിയപ്പോഴേക്ക് പൊലീസുകാരൻ വന്ന് ശബ്ദം ഉണ്ടാക്കുകയാണ്. ലഹരിക്കെതിരെ നടന്നൊരു പരിപാടിയാണ്. ഒരു അപ ശബ്ദം പോലുമില്ലാതെ നടന്ന പരിപാടിക്ക് നേരെയാണ് ഇവർ വിരൽ ചൂണ്ടുന്നത്. ഇത് ഞങ്ങൾ പൊറുക്കില്ല. ഇവിടെത്തെ ഇടതുവലത് രാഷ്ട്രീയക്കാരോട് പറയാനുള്ളത്. ഇത് എല്ലാവർക്കും ബാധകമാകണമെന്നാണ്".-നേതാക്കൾ പറഞ്ഞു.
സമ്മേളന വേദിയിൽ നിന്നും മടങ്ങും വഴി പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിക്കുന്ന ദൃശ്യവും പുറത്തുവന്നു. നിയമ പാലകർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നഷ്ടപ്പെട്ട് പോകുന്ന വിവേകം നിയമത്തിന്റെ അന്തസ്സത്തയെയാണ് ചോർത്തിക്കളയുന്നതെന്നും ഇതിന് മറുപടിയായി വിസ്ഡം നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.