കേരളത്തിൽ യു.ഡി.എഫിന് ഭരണം ഉറപ്പെന്ന്​ കോൺഗ്രസ് വിലയിരുത്തൽ;​ 80 സീറ്റെങ്കിലും കിട്ടും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാറിനുമെതിരായ വികാരം തെരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളിൽ ശക്​തമായെന്നും സംസ്ഥാനത്ത് ഇത്തവണ യു.ഡി.എഫ് ഭരണം ഉറപ്പെന്നും കോൺഗ്രസ് വിലയിരുത്തൽ. ചുരുങ്ങിയത്​ 80 സീറ്റുകള്‍ നേടി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ്​​ തെരഞ്ഞെടുപ്പ് അവലോകനത്തിന്‍റെ ഭാഗമായി ചേർന്ന ഡി.സി.സി പ്രസിഡന്‍റുമാരുടെ യോഗം വിലയിരുത്തിയത്. പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ കെ.പി.സി.സി ആസ്ഥാനത്ത് ഓൺലൈനായാണ്​ യോഗം ചേര്‍ന്നത്​.

അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുന്നണിയുടെ വിജയത്തിന്​ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയെന്ന്​ ഡി.സി.സി പ്രസിഡന്‍റുമാര്‍ പറഞ്ഞു. യു.ഡി.എഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്​ഥാനത്ത്​ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യു.ഡി.എഫിന് മികച്ച വിജയം നേടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്​ടിച്ചിട്ടുണ്ട്​. സർക്കാർ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്‍റുമാർ അഭിപ്രായപ്പെട്ടു.

64 സീറ്റിൽ ഏത്​ സാഹചര്യത്തിലും ജയം ഉറപ്പാണ്​. ശേഷിക്കുന്നതിൽ 25 ഒാളം സീറ്റുകളിൽ ബലാബലം ആണ്​. ഇവിടങ്ങളിൽ ഭൂരിഭാഗവും യു.ഡി.എഫിന്​ അനുകൂലമാണ്​. അവയിൽ 10 സീ​െറ്റങ്കിലും ലഭിച്ചാൽ അധികാരത്തിലെത്താനാകുമെന്ന്​ യോഗം വിലയിരുത്തി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ യു.ഡി.എഫിന് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞു. നേമത്ത് ഗംഭീര പോരാട്ടമാണ് യു.ഡി.എഫ് നടത്തിയത്. അവിടെ സി.പി.എം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കി വ്യാപകമായി വോട്ടുമറിച്ചെങ്കിലും യു.ഡി.എഫിന്‍റെ വിജയത്തെ അത് ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മധ്യകേരളത്തില്‍ യു.ഡി.എഫിന്​ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ്​ യോഗത്തിന്‍റെ വിലയിരുത്തൽ. എറണാകുളത്ത് പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ മുന്നണി സ്​ഥാനാർഥികൾ വിജയം നേടും. ട്വന്‍റി-ട്വന്‍റി വെല്ലുവിളിയെ തള്ളി കുന്നത്തുനാട്ടില്‍ യു.ഡി.എഫ്​ സ്ഥാനാർഥി വിജയിക്കും. മലബാര്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ യു.ഡി.എഫിന് ഏറെ മുന്നേറാന്‍ സാധിച്ചു. സി.പി.എമ്മും ബി.ജെ.പിയും മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടത്തിയെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്നും യോഗം വിലയിരുത്തി.

പോസ്​റ്റൽ ബാലറ്റ്​ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിൽ ജാഗ്രത കാട്ടണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ നിർദേശം നൽകി. കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ എല്ലാ ഡി.സി.സികളിലും കൺട്രോൾ റൂമുകൾ തുറക്കാനും ജില്ല പ്രസിഡൻറുമാരോട്​ നിർദേശിച്ചു.

Tags:    
News Summary - UDF Will Emerge As Winners In Kerala -Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.