ഒ.ജെ ജനീഷിനെതിരെ നടന്ന ആക്രമണം സി.പി.എം ഗൂഢാലോചന; വി.ഡി സതീശന്‍

തിരുവനന്തപുരം: കായിക മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും.

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സി.പി.എം നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്.

ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. 10 വര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനല്‍ സംഘവും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കണ്ണൂരിൽ രണ്ടിടത്ത് വാഹനം ആക്രമിക്കപ്പെട്ടതിനു പിന്നാലെ മന്ത്രി ഒ.ജെ. ജനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. നടക്കാവിൽ നടന്ന പരിപാടിയിൽ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവ‌ർത്തകരും എത്തിയിരുന്നു. മന്ത്രിയെ തടയാൻ നേരത്തെ തന്നെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകർ അണിനിരന്നു. ഇതോടെ പ്രദേശം സംഘ‌ർഷാവസ്ഥയിലായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

മന്ത്രിയെത്തിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. സുരക്ഷാ വലയം തീർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോളിലേറ്റി മന്ത്രിയെ വേദിയിലേക്ക് എത്തിച്ചു. മന്ത്രി ഹാളിലേക്ക് പ്രവേശിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുറത്ത് പ്രതിഷേധം തുടർന്നു. അതേസമയം ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആർ. പൊതുമുതൽ നശിപ്പിക്കൽ,​ ഔദ്യോഗിത കൃത്യനിർവഹണം തടസപ്പെടുത്തഷ,​ കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇന്ന് രാവിലെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായി. പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം.

Tags:    
News Summary - DYFI Attacks Minister OJ Janeesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.