ലവ്‌ലി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കായി നോര്‍ക്ക ഹെൽപ് ഡസ്ക് തുടങ്ങി
തിരുവനന്തപുരം: സംഘർഷം നടന്ന പഞ്ചാബിലെ ലവ്‌ലി പ്രൊഫഷനൽ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് മുഖേന ഹെൽപ് ഡസ്ക്ക് ആരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 1800 425 3939, +91 8802 012345 ( മിസ്സ്ഡ് കോൾ സൗകര്യം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഹെൽപ് ഡസ്ക് 24 മണിക്കൂറും പ്രവർത്തിക്കും. ഓഫിസ് സമയത്ത് ന്യൂഡൽഹി കേരള ഹൗസിലെ നോർക്ക എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസുമായും ബന്ധപ്പെടാം. ഫോൺ: 01123360350. 01123349202.
വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ സർവകലാശാല അടച്ചിടാൻ തീരുമാനിച്ചിരുന്നു. 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവച്ചിട്ടുണ്ട്. സെപ്റ്റംബർ 28 മുതൽ 10 ദിവസത്തേക്കാണ് ക്ലാസുകൾ മുടങ്ങുക. മിഡ്‌ടേം പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ യൂണിവേഴ്സിറ്റി മാനേജ്മെന്റ് സിസ്റ്റം വഴി അറിയിക്കും. 10 ദിവസത്തെ ഇടവേളയിൽ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതിയോടെ വിദ്യാർഥികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാമെന്ന് സർവകലാശാല അറിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമങ്ങളെ തുടർന്ന് സർവകലാശാലയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാമ്പസിൽ ഒരു പെൺകുട്ടിയെ പുറത്തുനിന്നെത്തിയ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന തരത്തിലുള്ള പ്രചാരണവും ഉണ്ടായിരുന്നു.
ഇതിനെ തുടർന്ന് വിദ്യാർഥികൾ പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം ഒത്തുകൂടിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പിന്നീട് ദേശീയപാത 44 തടയുകയും സർവകലാശാലാ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും വാഹനങ്ങൾ തകർക്കുകയും തീകൊളുത്തുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.