തിരുവനന്തപുരം: പുതിയ ട്രെയിൻ സമയക്രമം പുതുവത്സരദിനത്തിൽ നിലവിൽ വരുമ്പോൾ ഉദ്വേഗം ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേഭാരതിന്റെ സമയത്തിൽ. തിരുവനന്തപുരത്തുനിന്ന് 4.05ന് മംഗളൂരുവിലേക്ക് മടങ്ങുന്ന തരത്തിലാണ് രണ്ടാം വന്ദേഭാരതിന്റെ സമയക്രമം.
തിരുവനന്തപുരത്തുനിന്ന് സ്ഥിര യാത്രക്കാർ ആശ്രയിക്കുന്ന നിരവധി ട്രെയിനുകളുടെ സർവിസ് സമയത്താണ് അതിവേഗ ട്രെയിനിന്റെ സമയം. മാത്രമല്ല, ഏറ്റവും തിരക്കുള്ള സമയത്താണ് ട്രെയിൻ ആലപ്പുഴ-എറണാകുളം സെക്ഷനിൽ പ്രവേശിക്കുന്നതും. ഈ സാഹചര്യത്തിൽ ട്രെയിനുകൾ പിടിച്ചിട്ടുവേണം വന്ദേഭാരതിന് വഴിയൊരുക്കാൻ.
നിലവിൽ രാവിലെ 6.25ന് തിരിച്ച് വൈകീട്ട് 3.05ന് തിരുവനന്തപുരത്തെത്തും വിധത്തിലാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഓടുന്നത്. പുറപ്പെടൽ രാവിലെ 6.25 എന്നത് പുലർച്ചെ അഞ്ചാക്കിയാൽ ഉച്ചക്ക് ഒന്നരയോടെ തിരുവനന്തപുരത്തെത്താമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
രണ്ടരയോടെ തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര ആരംഭിച്ചാൽ തിരക്കേറുന്നതിന് മുമ്പേ ആലപ്പുഴ-എറണാകുളം സെക്ഷൻ പിന്നിടുകയും ചെയ്യാമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ആവശ്യം റെയിൽവേയുടെ മുന്നിലുണ്ടെങ്കിലും പരിഗണിക്കുമോ എന്നതിൽ ഉറപ്പില്ല. പുതിയ സമയക്രമത്തിലാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.