അട്ടപ്പാടിയിലെ രണ്ട് പെൺകുട്ടികളുടെ നീതിക്കായി റവന്യൂ മന്ത്രി ഇടപെടുമോ?

കോഴിക്കോട് : നീതി വേണോ ജീവൻ വേണോ എന്ന് ചോദ്യത്തിന്റെ മുന്നിലാണ് അട്ടപ്പാടി ഭൂതിവഴി ഊരിലെ രണ്ട് പെൺകുട്ടികൾ (നാല് പെണ്ണുങ്ങൾ). വംശപരമ്പരയിൽ ആ കുടുംബത്തിൽ അവശേഷിക്കുന്നത് രണ്ട് പെൺകുട്ടികളും അവരുടെ അമ്മയും വൃദ്ധയായ അച്ഛമ്മയുമാണ്. പാരമ്പര്യമായി ഇവർക്ക് കിട്ടിയ സ്വത്ത് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ടി.എൽ.എ കേസുള്ള 10 ഏക്കറിലധികമാണ്. ആ കേസിന്റെ ചരിത്രമാണ് തിങ്കളാഴ്ച പുറത്തിറങ്ങുന്ന 'മാധ്യമം ആഴ്ചചപ്പതിപ്പ്' അന്വേഷിക്കുന്നത്. (ഉഷാകുമാരിക്കും ശാന്തകുമാരിക്കും 100 കോടി വിലയുള്ള ഭൂമി ആര് തിരിച്ചു നൽകും?)


 


മണ്ണാർക്കാട് -ആനകെട്ടി റോഡിന് വലത് വശത്ത് അഗളിക്കും കോട്ടത്തറയ്ക്കും ഇടയിൽ ശിരുവാണിപ്പുഴയുടെ തീരത്തെ മനോഹരമായ സ്ഥലം. അട്ടപ്പാടിക്കാർ പറയുന്ന പ്രകാരം സെന്റിന് ഇവിടെ 10 ലക്ഷം രൂപ വിലയുണ്ട്. അങ്ങനെയെങ്കിൽ പത്തു കോടി രൂപയുടെ ആസ്തിയുള്ള രണ്ട് ആദിവാസി പെൺകുട്ടികളാണ് ഇവർ. 1975ൽ നിയമസഭ പാസാക്കിയ ആദിവാസി ഭൂനിയമപ്രകാരം 10 ഏക്കർ ഭൂമിയും ഈ കുടുംബത്തിന് തിരിച്ചു നൽകണമെന്ന് ഒറ്റപ്പാലം ആർ.ടി.ഒ ഉത്തരവിട്ടിരുന്നു. ഭൂമി കൈയേറിയവരുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ നിയമം വഴിമാറി. ഉത്തരവ് നടപ്പാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് തയാറായില്ല.

വലിയ രാഷ്ട്രീയ സമ്മർദത്തിനു മുന്നിൽ ഈ രണ്ടു പെൺകുട്ടികളുടെ പിതാവായ ശിവകുമാർ നിസഹായനായി. അട്ടപ്പാടിയിലെ ഏതൊരു ആദിവാസിയും നേരിടുന്ന നിസഹായതയാണിത്. നിയമ പരിരക്ഷ അട്ടപ്പാടിയിലെ ആദിവാസികൾക്ക് ലഭിക്കില്ല. പണവും അധികാരവും ഉള്ളവർക്ക് മുന്നിൽ നിയമം വഴിമാറി കൊടുക്കും. 1999ൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനായി നിയമസഭ പുതിയ നിയമം പാസാക്കി. ആ നിയമത്തിലും കൈയേറ്റക്കാർക്ക് അഞ്ചേക്കർ ഭൂമി മാത്രമേ കൈവശം വെക്കാൻ കഴിയു. അതിലധികമുള്ള ഭൂമി ആദിവാസികൾക്ക് തിരിച്ചു കൊടുക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.



അത് പ്രകാരം അഞ്ചേക്കർ ഭൂമിയിൽ അധികമുള്ളത് തിരിച്ചു പിടിച്ചു നൽകാൻ പാലക്കാട് കലക്ടർ മൃൺമയി ജോഷി 2022 ജനുവരിയിൽ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല. അട്ടപ്പാടിയുടെ നിയമ പുസ്തകത്തിൽ ആദിവാസികൾക്ക് അനുകൂലമായ ഉത്തരവുകൾ നടപ്പാക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം. അത് അട്ടപ്പാടിയിലെ അന്ധവിശ്വാസമാണ്.

കാലങ്ങളായി ആദിവാസികൾ അനുഭലമാണിത്. ആ അന്ധവിശ്വാസത്തിൽ ചോദ്യം ചെയ്യാൻ ആദിവാസികൾക്ക് കഴിയുന്നില്ല. അട്ടപ്പാടിയിലെ കുന്നുകളുടെ ഉയരം അളക്കാൻ കഴിയുന്നവരാണ് ആദിവാസികൾ. അട്ടപ്പാടിയുടെ അഴകിലൂടെ അർഥത്തിലൂടെ കടന്നുപോകുന്ന മനുഷ്യർ. കൂട്ട് തകർക്കപ്പെട്ട പക്ഷികളെ പോലെയാണ് ഭൂതി വഴി ഊരിലെ പെൺകുട്ടികൾ. നിവർന്ന് നിന്ന് നീതി ചോദിക്കാനുള്ള ശക്തി അവർക്കില്ല. അട്ടപ്പാടിയിലെ പ്രകൃതിയുടെ സ്വരവും നിറവും മാറി. ശ്വാസം മുട്ടി മരണത്തിൽ പിടയുന്ന കുഞ്ഞുങ്ങൾ അമ്മമാരുടെ മുന്നിലുണ്ട്.

അധികാരത്തിന്റെ അസുരമുഖം ആദിവാസികളെ ഭയപ്പെടുത്തുന്നു. ജി. ശങ്കരക്കുറപ്പ് എഴുതിയതുപോലെ 'ഒന്നനങ്ങുമ്പോൾ കരയുന്ന ചങ്ങലക്കും ഒന്നു കുടഞ്ഞാൽ മുറുകുന്ന ചങ്ങലക്കും' ഉള്ളിലാണ് ഭൂതിവഴിയിലെ പെൺകുട്ടികൾ.നിരക്ഷരായ ആദിവാസികളുടെ ഭൂമി വ്യാജരേഖകളുണ്ടാക്കിയും ബലപ്രയോഗത്തിലൂടെയും ഭൂമാഫിയ പിടിച്ചെടുത്ത് അവരെ ഭയപ്പെടുത്തി വെല്ലുവിളിക്കുമ്പോൾ റവന്യുമന്ത്രി കെ. രാജൻ വെറും കാഴ്ചക്കാരനാകുമോ? ഭൂതിവഴിയിലെ രണ്ട് ആദിവാസി പെൺകുട്ടികൾക്ക് എന്നെങ്കിലും നീതി ലഭിക്കുമോ? അതല്ല സർക്കാരും മന്ത്രിയും എം.എൽ.എയും ഭൂമാഫിയ സംഘത്തിന് കുടപിടിക്കുമോ?



 നീതിമാനായ ഒരു റവന്യൂ മന്ത്രി ഉണ്ടെങ്കിൽ, ലാൻഡ് റവന്യൂ കമീഷൻ ഉണ്ടെങ്കിൽ ഈ നാട്ടിൽ നിയമം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പെൺകുട്ടികളെ അവകാശം സംരക്ഷിക്കണം. ഏതാണ്ട് ആറു പതിറ്റാണ്ടായി നീതി നിഷേധിക്കപ്പെട്ടവരാണ് ഇവരുടെ കുടുംബം. അർഹരായ എല്ലവർക്കും ഭൂമി നൽകാൻ പട്ടയമിഷന് രൂപം നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രിയാണ് കെ. രാജൻ. കൈയേറ്റത്തിന്റെ ഇരകളായ ഈ രണ്ടു പെൺകുട്ടികളുടെ നീതിക്കുവേണ്ടി മന്ത്രി ഇടപെടുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags:    
News Summary - Will the Revenue Minister intervene for the justice of the two children of Attapadi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.