ഉമ്മൻ ചാണ്ടിക്കെതിരായ കേസിൽ സത്യസന്ധമായ മൊഴി നൽകിയതിലുള്ള പ്രതികാരമെന്ന് പി.സി. ജോർജ്​

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന കേസിൽ സി.ബി.ഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തന്‍റെ പേരിൽ പുതിയ പീഡന പരാതി കെട്ടിച്ചമച്ചതെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. പരാതിക്കാരി നേരത്തേ വന്നുകാണുകയും ഉമ്മൻ ചാണ്ടിക്കെതിരായ കേസിൽ തനിക്കനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് ക്ലിഫ്​ ഹൗസിൽവെച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് സി.ബി.ഐക്ക്​ താൻ മൊഴി നൽകി. ഇതിന്‍റെ പ്രതികാരമായാണ്​ ഇപ്പോഴത്തെ പീഡനക്കേസ്.

ക്രൈംബ്രാഞ്ചാണ് തന്നെ ചോദ്യം ചെയ്യാൻ​ വിളിച്ചുവരുത്തിയത്. അവർ മാന്യമായി പെരുമാറി. 11.30ന്​ ഒരു കടലാസിൽ പരാതിക്കാരി പരാതി എഴുതി നൽകി. അതിലാണ് ഇപ്പോൾ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. ഇനി കോടതിയിൽ ഹാജരാക്കും. ചിലപ്പോൾ റിമാൻഡും ചെയ്തേക്കും. എന്നാലും, സത്യം തെളിയിക്കും.

ഒരു സ്ത്രീയെയും പീഡിപ്പിച്ചിട്ടില്ല. അവരെ പീഡിപ്പിച്ചവരെല്ലാം റോഡിലൂടെ വിലസി നടക്കുന്നു. ഏറ്റവും മാന്യമായി പെരുമാറിയ രാഷ്​ട്രീയക്കാരൻ പി.സി. ജോർജാണെന്ന്​ അവർതന്നെ വാർത്തസ​മ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്​. ഞാനൊരു പൊതുപ്രവർത്തകനാണ്​. മോളേ..ചക്കരേ എന്നല്ലാതെ ഒന്നും വിളിക്കാറില്ല. എല്ലാവരോടും ബഹുമാനം കാണിക്കുന്ന വ്യക്തിയാണ്​. പിണറായിയുടെ കാശും വാങ്ങി കാണിക്കുന്ന ഈ മര്യാദകേടിന്​ ദൈവം തമ്പുരാൻ അ​വരോട്​ ക്ഷമിക്കട്ടെയെന്ന്​ പ്രാർഥിക്കുന്നു- പി.സി. ജോർജ്​ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മൊഴി നൽകാൻ രാവിലെ എത്തിയപ്പോഴും പി.സി. ജോർജ്​ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ്​ നടത്തിയത്​. തനിക്കെതിരെ കള്ളക്കേസുകൾ എടുക്കുകയാണെന്നും ഇനിയും അത്തരം കേസുകളുണ്ടാകുമെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - will prove innocence- pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.