‘പിണറായി പ്രതിപക്ഷ നേതാവാകുമോ? മുഖ്യമന്ത്രിയാവാൻ കൊള്ളാവുന്ന ഒത്തിരി പേർ ഇവിടെയുണ്ട്, അപ്പുറത്ത് അതില്ല’ -ഷിബു ബേബി ജോൺ

​​കൊല്ലം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന് ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ, പ്രതിപക്ഷ നേതാവ് ആര് എന്നതും ചർച്ച ചെയ്യണ​മെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിണറായി വിജയൻ പ്രതിപക്ഷ നേതൃത്വസ്ഥാനം ഏറ്റെടുക്കുമോ? തലമുറ മാറ്റം ഉണ്ടാകുമോ? സി.പി.എമ്മിൽ ആരുണ്ട് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊള്ളാവുന്ന ഒത്തിരി പേർ ഇവിടെയുണ്ട്. അപ്പുറത്ത് അതില്ല -അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ച എവിടെ നടന്നു? ഒറ്റപ്പെട്ട ആരെങ്കിലും മാധ്യമങ്ങൾ സെറ്റ് ചെയ്ത അജണ്ടയുടെ പുറത്ത് പ്രതികരിച്ചിട്ടുണ്ടായിരിക്കാം. എല്ലാ ഉത്തരവാദിത്വപ്പെട്ട ലീഡേഴ്സും പറഞ്ഞത് നാലാം തീയതി ഫലം വന്നശേഷം ഞങ്ങൾ ചർച്ച ചെയ്യും എന്നാണ്. ഇവിടെ എൽഡിഎഫും യുഡിഎഫും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. മുഖ്യമന്ത്രി ചർച്ച യുഡിഎഫിൽ നടക്കുന്നു എന്ന്. അതിനർഥം, ജയം യുഡിഎഫിനാണെന്നത് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട് എനാണ്. അതിനപ്പുറത്തേക്ക് ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു ചർച്ചയ്ക്ക് നേതൃത്വം കൊടുത്തിട്ടില്ല. പലർക്കും ആഗ്രഹങ്ങൾ ഉണ്ടായിരിക്കാം, പ്രവർത്തകർക്ക് അഭിപ്രായം ഉണ്ടായിരിക്കാം, അതൊക്കെ സ്വാഭാവികമാണ്. അതിനപ്പുറത്തേക്കുള്ള ഒരു ഗൗരവം ഞാൻ അതിന് കൊടുക്കുന്നില്ല -അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോൺഗ്രസിന്റെ വെല്ലുവിളിയെക്കുറിച്ച് മാധ്യമങ്ങൾ പരാമർശിച്ചല്ലോ. സീറ്റ് നിർണയം വന്നു, ദിവസങ്ങളോളം മുൾമുനയിൽ നിർത്തുന്നു, 24 മണിക്കൂറിനകം പ്രഖ്യാപിച്ചില്ല, 48 മണിക്കൂർ കഴിഞ്ഞു, 72 മണിക്കൂർ കഴിഞ്ഞു എന്നൊക്കെ ചർച്ച നടത്തിയിരുന്നല്ലോ. എന്നിട്ട്, എന്തേലും അസ്വാരസ്യം ഉണ്ടായിരുന്നോ? സ്ഥാനാർഥികളെയെല്ലാം കോൺഗ്രസ് ഉചിതമായി തീരുമാനിച്ചില്ലേ. അതുപോലെ ഇതിന്റെ സമയം ആകുമ്പോൾ ഉചിതമായ തീരുമാനം എടുക്കും. കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര് എന്നുള്ള കാര്യം കൂടെ നിങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.

ഇടതുമുന്നണി ഇത്തവണ തൂത്തെറിയപ്പെടും. ഒരു തർക്കവുമില്ല. അതിന്റെ ഭാഗമായി നിൽക്കുന്ന എല്ലാവരും ആ നിലയിൽ അതിന്റെ ഫലം അനുഭവിച്ചേ പറ്റൂ. ഇത്തവണ ഭരണവിരുദ്ധ, പിണറായി വിരുദ്ധ വോട്ടാണ് കേരളം കണ്ടിട്ടുള്ളത്. അത് നാലാം തീയതി രാവിലെ ഈ സമയം ആകുമ്പോൾ നിങ്ങൾക്ക് അത് ബോധ്യപ്പെടും. പാർലമെന്റിൽ വോട്ട് ചെയ്യുന്ന അതേ ഘടകങ്ങളും അതേ സാഹചര്യങ്ങളും കേരളത്തിൽ നിലനിൽക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Will Pinarayi vijayan become opposition leader?- Shibu Baby John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.