തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പീഡിപ്പിക്കപ്പെട്ട ദലിത് യുവതിക്കെതിരായ വ്യാജമോഷണക്കേസിൽ കുറ്റകാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
പനവൂർ ആട്ടുകാൽ തോട്ടരികത്തു വീട്ടിൽ ബിന്ദുവാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ജാതി അധിക്ഷേപം, കടുത്ത മനുഷ്യാവകാശ ലംഘനം എന്നിവക്കു വിധേയയായത്. പാർട്ടിയും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും തെറ്റായ പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
‘തൊലിയുടെ നിറവും എന്റെ ജാതിയുമാണ് ഇത്രയേറെ പീഡനത്തിന് കാരണം. കള്ളപ്പരാതിയില്‍ പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍ തുള്ളിവെള്ളം പോലും തന്നില്ല’ -ബിന്ദു പറഞ്ഞു.
അതിനിടെ, ബിന്ദുവിനെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ പൊലീസുകാർ കുറ്റക്കാരെന്ന് പ്രാഥമിക കണ്ടെത്തൽ. തിരുവനന്തപുരം കന്റോൺമെന്റ് എ.സി നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷനിലായ എസ്.ഐക്ക് പുറമേ രണ്ടുപേർക്ക് കൂടി വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്. അനധികൃതമായി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുകയും രാത്രി തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ടു സിവിൽ പോലീസ് ഓഫിസർക്ക് എതിരെയും നടപടി ഉണ്ടാകും.
മോഷണക്കേസിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടത്തൽ. റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർ പരിശോധിച്ച ശേഷം ഇന്ന് നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്.ഐക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്.
പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും എഫ്.ഐ.ആർ റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയാറായില്ല. ബിന്ദുവിനെതിരെ പരാതിനൽകിയ വീട്ടമ്മക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിപ്പിച്ചു. എസ്.സി എസ്.ടി, വ്യാജ പരാതി അടക്കമുള്ള വകുപ്പുകൾ ചുമത്താമായിരിന്നിട്ടും പൊലീസ് അനങ്ങിയില്ല. സംഭവത്തിൽ ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലുള്ള വകുപ്പ് തല അന്വേഷണം നടക്കുകയാണ്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.