പിണറായിയെ 'രാജാവി'നോട് ഉപമിച്ചും സതീശനെ വിമർശിച്ചും ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജാവിനോട് ഉപമിച്ചും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനെ വിമർശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, ഡി. ലിറ്റ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് 'കിങ്ങി'നോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കട്ടെയെന്നും പ്രതികരിച്ചു.

ഗവര്‍ണര്‍ സര്‍ക്കാറിനെ സംരക്ഷിക്കുകയാണെന്ന വി.ഡി. സതീശ‍ന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ഗവര്‍ണറുടെ പരിഹാസം. പ്രതിപക്ഷ നേതാവ് സര്‍ക്കാറിന്‍റെ അടുത്തയാളാണ്​. കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യക്തത ആവശ്യമുണ്ടെങ്കില്‍ രാജാവിനോട് നേരിട്ട് ചോദിക്കട്ടേയെന്ന് മുഖ്യമന്ത്രിയെ പരോക്ഷമായി പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ത‍ന്‍റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്​. രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ലെന്നായിരുന്നു ഡി.ലിറ്റ്​ വിവാദത്തിലെ ചോദ്യങ്ങളോട്​ ഗവർണറുടെ പ്രതികരണം. രാജ്യത്തിന്‍റെ ചിഹ്നങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്​. പക്ഷേ, മര്യാദ കാരണം പറയുന്നില്ല. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്​. മര്യാദയുടെ സീമ പാലിക്കണം. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച്​ പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും ഗവർണർ പറഞ്ഞു.

ചാൻസലർ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന്​ ഗവർണർ കൊച്ചിയിൽ മാധ്യമങ്ങളോട്​ ആവർത്തിച്ചു. ചെയ്യുന്ന തൊഴിലിന്​ ഗൗരവമായ പ്രശ്നങ്ങളുണ്ടായാൽ അത്​ വേണ്ടെന്നു​വെക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു. പകരം സംവിധാനം സർക്കാർ ഏർപ്പെടുത്തണം. വിവാദങ്ങളോട്​ തർക്കിച്ച്​ നിൽക്കാൻ താൽപര്യവും സമയവുമില്ല.

ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത്​ ചെയ്യും. അത്രക്ക്​ ബുദ്ധിമുട്ടനുഭവിക്കുന്നു. നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം നിയമസഭ വിളിച്ച്​​ ചാൻസലർ പദവിയിൽനിന്ന്​ തന്നെ മാറ്റുകയാണ്​. പകരം ആരാകണമെന്ന്​ നിയമസഭക്ക്​ തീരുമാനിക്കാം. നിയമനിർമാണമോ ഓർഡിനൻസോ എന്ത്​ വേണമെങ്കിലും നിയമസഭക്ക്​ തീരുമാനിക്കാമെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - Will not continue as Chancellor; The governor said there was no time to dispute the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT