ഇ.ഡി. ആക്രമണ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടി
തിരുവനന്തപുരം: കൂടുതൽ പ്രതികളെ പിടികൂടാൻ കഴിയാതെയും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താതെയും ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടി. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലാണ് പിടിയിലായ 27 പേരെ മാത്രം പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം കൈക്കൊണ്ടത്. അതിനായി ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ചു.
സി.പി.എം പ്രവർത്തകർ ആക്രമിച്ച കാറുകളിൽ നിന്നും ആയുധങ്ങളിൽ നിന്നുമുള്ള വിരലടയാളങ്ങൾ പരിശോധിച്ച് പ്രതികളെ സ്ഥിരീകരിച്ചു. 15 പ്രതികളുടെ വിരലടയാളങ്ങൾ തിരിച്ചറിഞ്ഞെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു. അതിന് പുറമെ സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഈ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 300 ഓളം പേരെ പ്രതി ചേർത്ത് വധശ്രമത്തിന് ഉൾപ്പെടെയാണ് കേസെടുത്തിരുന്നത്. കുറേ സി.പി.എം പ്രവർത്തകർ കീഴടങ്ങുകയും മറ്റ് ചിലരെ പിടികൂടുകയുമായിരുന്നു. ആദ്യഘട്ടത്തിൽ 26 പ്രതികളെ പിടികൂടി. ഒളിവിലായിരുന്ന 27ാം പ്രതിയെ ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ നിന്നും പിടികൂടുകയായിരുന്നു. കൂടുതൽ പ്രതികളെ പിടികൂടാൻ കഴിയാത്ത അവസ്ഥയിലാണ്. ആ സാഹചര്യത്തിലാണ് നിലവിൽ അറസ്റ്റിലായവരെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിക്ക് മാത്രമാണ് ജാമ്യം ലഭിക്കേണ്ടത്. കൂടുതൽ പ്രതികളെ കണ്ടെത്താനായില്ലെന്ന നിലപാടിലാണ് എസ്.ഐ.ടി. അതിനിടെ പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച ഒന്നാംപ്രതി നിധിൻരാജ്, 16ാം പ്രതിയും സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷണസംഘം സംശയിച്ചിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നതും. എന്നാൽ പ്രതികളുടെ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും സി.പി.എമ്മിന്‍റെ ഉന്നത നേതാക്കൾക്കെതിരെയുള്ള തെളിവൊന്നും ലഭിച്ചതുമില്ല. അതിന് പുറമെ സംഭവസ്ഥലത്തുണ്ടായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുമെന്നെല്ലാം എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞിരുന്നെങ്കിലും അതൊന്നുമില്ലാതെയാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടി നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.