ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.പി.എം.എസ് ഇടതു വിരുദ്ധ നിലപാട് സ്വീകരിക്കുമോ?

തിരുവനന്തപുരം: പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയായ കേരള പുലയർ മഹാസഭ (കെ.പി.എം.സ്) ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. ഈ മാസം 26 മുതൽ 28 വരെ തിരുവല്ലയിൽ നടന്ന 53ാം സംസ്ഥാന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി.

സമ്മേളനം 75ഓളം പേരെയാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത്. അടുത്ത ആഴ്ച തിരുവനന്തപുരത്ത് സംസ്ഥാന സമിതി യോഗം ചേരും. സംസ്ഥാന സമിതിയിൽ നിന്ന് ഇരുപതോളം പേരെയാവും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുക. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ പല മണ്ഡലങ്ങളിലും വിജയത്തിന് കെ.പി.എം.എസ് വോട്ട് നിർണായകമാണ്. സോണിയ ഗാന്ധി കെ.പി.എം.എസിന്റെ കൊച്ചി സമ്മേളനത്തിൽ പങ്കെടുത്തതോടു കൂടിയാണ് ഇടതുപക്ഷത്തെ കൈയൊഴിഞ്ഞ് യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് കെ.പി.എം.എസ് നയംമാറ്റം നടത്തിയത്. ഇടതുപക്ഷത്തിനൊരു താക്കീതെന്നായിരുന്നു അന്നത്തെ മുദ്രാവാക്യം.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടു കൂടി കെ.പി.എം.എസ് സമദൂര നയമാണ് സ്വീകരിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തിനെ തുടർന്ന് നവോത്ഥാന സമിതിയുടെ സംസ്ഥാന കൺവീനറായി പുന്നല ശ്രീകുമാർ. അതോടെ ഇടതുപക്ഷവുമായി കൂടുതൽ അടുത്തിരുന്നു. ഇക്കാലത്ത് വാളയാർ കേസിൽ പുന്നല ശ്രീകുമാറിനെ മുഖ്യമന്ത്രി ഉപയോഗിച്ചതിന് വിവാദമായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിരുദ്ധമായ നിലപാട് കെ.പി.എം.എസ് സ്വീകരിച്ചിരുന്നില്ല. തിരുവല്ലയിൽ നടന്ന സംസ്ഥാന സമ്മളേനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പുന്നല ശ്രീകുമാർ കടുത്ത ഭാഷയിൽ ഇടതുപക്ഷനയത്തെ കടന്നാക്രമിച്ചു. ജാതി സെൻസസ്, മുന്നാക്ക സംവരണം, ദലിത്- ആദിവാസി വിഭാഗങ്ങൾക്കെതിരായ കൊലകൾ, എസ്.സി-എസ്.ടി വിദ്യാർഥികളുടെ ഗ്രാൻഡ് മുടങ്ങിയത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി. എസ്.സി- എസ്.ടി വിഭാഗത്തിനെതിരെ ഇടതു സർക്കാർ സ്വീകരിച്ച നയത്തിന് തെരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്ന് സൂചന നൽകി. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം മുതൽ സിദ്ധാർഥന്റെ കൊലപാതകം വരെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സമ്മേളനത്തിൽ അവതരിപ്പിച്ച നാടകവും ഇടതുഭരണത്തെ കടുത്തഭാഷയിലാണ് വിമർശിച്ചത്. സംസ്ഥാന സമ്മേളനത്തിൽ പൊതുവിൽ നിൽകിയ സന്ദേശം ഇടതു ഭരണകുടത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്നാണ്. സമ്മേളനത്തിലെ നാടകം തെരുവുകളിൽ അവതരിപ്പിച്ചാൽ അത് എൽ.ഡി.എഫിന് രാഷ്ട്രീയമായി ദോഷകരമാകും എന്നാണ് സമ്മേളനത്തിൽ പങ്കെടുത്തവർ പറയുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭ മണ്ഡലങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. അതിനാൽ കെ.പി.എം.എസ് എടുക്കുന്ന നിലപാട് ഇടതു വിരുദ്ധമായാൽ പ്രതിസന്ധിയുണ്ടാക്കും.

Tags:    
News Summary - Will KPMS take an anti-left stance?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.