മലപ്പുറം: പി.വി അൻവർ ചതിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നൽകുമെന്ന് പി.വി അൻവർ. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും. നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു.
അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കുമെന്നും പി.വി അൻവർ പറഞ്ഞു.
അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഇന്ന് മൂന്ന് സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമർപ്പിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബി.ജെ.പി സ്ഥാനാർഥി മോഹൻജോർജ് എന്നിവരാണ് ഇന്ന് പത്രിക സമർപ്പിക്കുക. പ്രകടനങ്ങളായി ശക്തി തെളിയിച്ചാകും സ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് എത്തുക.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.