മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവച്ചു; ആനയുടെ കാൽ ബന്ധിച്ചു, വിദഗ്ധ പരിശോധന ഉടൻ

അതിരപ്പിളളി (തൃശൂർ): മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 65 അംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവെച്ചത്.

ദൗത്യസംഘത്തിന്‍റെ നീക്കം മൂന്നാം ദിവസമാണ് ലക്ഷ്യം കണ്ടത്. കാലടി പ്ലാന്‍റേഷനിൽ നിലയുറപ്പിച്ച ആന മുളങ്കാടിലേക്കും ചാലക്കുടി പുഴയിലേക്കും പോകാതിരിക്കാനായി വാഹനങ്ങൾ കൊണ്ട് വലയം തീർത്ത ശേഷമാണ് മയക്കുവെടിവച്ചത്.

നാലുതവണ മയക്കുവെടി വച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേറ്റു. തുടർന്ന് ആന ക്ഷേത്രത്തിന്‍റെ സമീപത്തേക്ക് നീങ്ങിയതോടെ ദൗത്യസംഘവും പിന്തുടർന്നു.

സ്റ്റാൻഡിങ് പൊസിഷനിൽ മയങ്ങി തുടങ്ങിയ ആനയെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച് ചികിത്സ നൽകും. മുറിവിൽ ഈച്ച വരാതിരിക്കുന്നതിനായി ആന തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചളിയും മുറിവിൽ ഇട്ടിരുന്നു. ഇവ നീക്കം ചെയ്ത് വേണം മുറിവിന് ചികിത്സ നൽകാനെന്ന് വനപാലകർ അറിയിച്ചു.

ചികിത്സക്ക് ശേഷം ആനയെ ഉൾവനത്തിലേക്ക് കടത്തിവിടാനാണ് വനം വകുപ്പിന്‍റെ തീരുമാനം. മുറിവുണങ്ങാൻ സമയമെടുക്കും. തുടർന്ന് ആനയുടെ നീക്കം ദൗത്യസംഘം നിരീക്ഷിക്കും. ആനക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനപാലകരുടെ നിഗമനം.

വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുത്തേറ്റതാണ് മുറിവിന്​ കാരണം. 

Tags:    
News Summary - Wild Elephant dopped in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.