അതിരപ്പിള്ളി: വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്കും യുവാവിനും പരിക്കേറ്റു. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി കുന്നത്ത് വീട്ടിൽ രോഹിത്, എറണാകുളം ആക്കത്തുവീട്ടിൽ സോന എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരടക്കം 20 പേരടങ്ങുന്ന ബൈക്ക് റൈഡേഴ്സ് ഗ്രൂപ് അംഗങ്ങൾ തൃശൂരിൽനിന്ന് പൊള്ളാച്ചി, വാൽപ്പാറ, മലക്കപ്പാറ വഴി ചാലക്കുടി ദിശയിലേക്ക് വരുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 5.45 ഓടെ ആനമല റോഡിൽ ആനക്കയത്താണ് ഇവരെ കാട്ടാന ആക്രമിച്ചത്. റോഡിലെ വളവിൽ വഴിയോരത്ത് നിൽക്കുകയായിരുന്ന ആന പിന്നിലിരിക്കുകയായിരുന്ന സോനയെ മുതുകിൽ തുമ്പിക്കൈ കൊണ്ട് തട്ടിവീഴ്ത്തി.
ബൈക്കടക്കം വീണപ്പോൾ രോഹിത് അതിനടിയിൽപെട്ടു. ആന ബൈക്ക് ചവിട്ടിനീക്കിയതിനെത്തുടർന്ന് രോഹിത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റു. പിന്നാലെ ഉണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയതോടെയാണ് ആന കൂടുതൽ ആക്രമിക്കാതെ ഒഴിഞ്ഞുപോയത്. പരിക്കേറ്റ ഇരുവരെയും ഒരുകാറിലും പിന്നീട് ആംബുലൻസിലുമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരികൾക്ക് പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.