വന്യജീവി ആക്രമണം: കാലാവധി തീർന്നു, ഇൻഷുറൻസ് പരിരക്ഷയില്ലാതെ പട്ടികവർഗക്കാർ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിനിരയാകുന്ന പ‌ട്ടികവർഗക്കാർക്ക് മുമ്പുണ്ടായിരുന്ന ഇൻഷുറൻസ് പരിരക്ഷ നിലവിലില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ വെളിപ്പെടുത്തി.1995ലെ ഉത്തരവ് പ്രകാരം അപകടമരണത്തിന് ഒരു ലക്ഷം രൂപയും വൈകല്യങ്ങൾക്ക് 25,000 രൂപയും ആശുപത്രിവാസത്തിന് 5000 രൂപയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഇൻഷുറൻസ്. പ്രീമിയം തുക വർധിച്ച സാഹചര്യത്തിൽ ധനവകുപ്പിന്റെ അനുമതി തേടിയിരുന്നു.

കേന്ദ്ര സർക്കാർ പദ്ധതി (പി.എം.ജെ.ജെ.വി.വൈ) ഉപയോഗപ്പെടുത്താനായിരുന്നു ധനവകുപ്പിന്റെ നിർദേശം. എന്നാൽ, കേന്ദ്ര സർക്കാർ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പ്രായപരിധി 18-50 ആണെന്നതും ഗുണഭോക്താക്കൾക്ക് ആശുപത്രിച്ചെലവിന് കവറേജ് ലഭിക്കില്ലെന്നതും പോരായ്മയാണ്.

വനംവകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി പ്രായപരിധി ഇല്ലാതെ കുടുംബത്തിനാകെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഗ്രൂപ് സ്കീമായിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതി വിപുലീകരിച്ച് നടപ്പാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിച്ചതുമൂലം ജനങ്ങൾ ആശങ്കയിലാണ്. വനത്തിൽനിന്ന് മൃഗങ്ങൾ പുറത്തുവരുന്ന സാഹചര്യം ഒഴിവാക്കലാണ് ഇതിന് പരിഹാരമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

വനത്തിനുള്ളിൽ തന്നെ ജലലഭ്യത ഉറപ്പുവരുത്തുക, വനത്തിലെ ലഭ്യമായ പ്രദേശത്ത് വന്യജീവികൾക്ക് താൽപര്യമുള്ള വൃക്ഷങ്ങളും മറ്റും വെച്ചുപിടിപ്പിച്ച് ആഹാരം ഉറപ്പുവരുത്തുക, സോളാർ ഫെൻസിംഗും ആനവേലിയും സ്ഥാപിച്ച് മൃഗങ്ങൾ പുറത്തേക്ക് കടക്കുന്നത് തടയുക, വന്യമൃഗങ്ങളെ ആകർഷിക്കുംവിധമുള്ള കൃഷിരീതികൾ വനാതിർത്തിയിൽ ഒഴിവാക്കുക തുടങ്ങിയവയാണ് നിർദേശങ്ങളായി ഉയരുന്നത്.

കേരളത്തിന്റെ ദൈർഘ്യമേറിയ വനമേഖലയിൽ ഊർജവേലിയും ആനമതിലുമെല്ലാം സ്ഥാപിക്കുന്നത് ചെലവേറിയതാണ്. ഇതിനായി 650 കോടിയുടെ പദ്ധതി കേന്ദ്രത്തിനും സംസ്ഥാന ആസൂത്രണ ബോർഡിനും സമർപ്പിച്ചു. വനാതിർത്തിയിലെ കൃഷിരീതികൾ നിയന്ത്രിക്കണമെന്ന ആവശ്യം നിയമസഭയിലെ ചോദ്യവും ഉത്തരവും പോലെ എളുപ്പമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Wild animal attack: Expired, Scheduled Tribes without insurance cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT