മയ്യിലിൽ കോൺഗ്രസ് ഓഫിസിനകത്തെ ഫർണിച്ചറുകൾ തകർത്തനിലയിൽ

കണ്ണൂരിൽ പരക്കെ അക്രമം; കോൺഗ്രസ് ഓഫിസ് തകർത്തു, വീടുകൾക്കുനേരെ ആക്രമണം

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരിൽ പരക്കെ അക്രമം. കടുത്തമത്സരം നടന്ന പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ആക്രമണങ്ങൾ അധികവും നടന്നത്. പയ്യന്നൂരിലും മയ്യിലും വീടുകൾക്കുനേരെ ആക്രമണമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയും സി.പി.എം ബ്രാഞ്ചംഗവുമായ ടി. പുരുഷോത്തമന്റെ വീടാണ് തകത്തത്. ജനലുകൾ അടിച്ചുതകർത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചുനശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ച 12.30ഓടെയാണ് ആക്രമണം.

പ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടുവന്ന ഇന്ധനമൊഴിച്ച് കാറിന്റെ പിന്‍ഭാഗത്തെ ടയറിനോട് ചേര്‍ന്ന് തീയിടുകയായിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ടി. പുരുഷോത്തമൻ പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ചുമരെഴുത്ത് നടത്തിയ കോൺഗ്രസ് അനുഭാവിയുടെ പറമ്പിലെ ചുറ്റുമതിലും തകർത്തു. 15 മീറ്ററോളം മതിലാണ് തകർത്തത്. സി.പി.എം പ്രവർത്തകനും നഗരസഭ അന്നൂർ കിഴക്കേകൊവ്വൽ മുൻ വാർഡ് കൗൺസിലറുമായ കാറമേലിലെ പി.വി. സുഭാഷിന്റെ വീടിനു മുന്നിൽ റീത്ത് വെച്ചു.

തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസാണ് തകർത്തത്. ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും വാതില്‍ തകര്‍ത്ത് അകത്തുകയറി ഫർണിച്ചറുകള്‍ അടിച്ചുപൊളിക്കുകയും ചെയ്തു. മുല്ലക്കൊടി യു.പി സ്‌കൂളിലെ യു.ഡി.എഫ് ഏജന്റ് ഭാസ്‌കരന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടർ തകര്‍ത്തു. മാലൂരില്‍ ബി.ജെ.പി ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച റിജീഷിന്റെ വീടിനുനേരെയും കല്ലേറുണ്ടായി. പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ രണ്ടിടത്തും ഉണ്ടായ സംഘർഷങ്ങൾക്കു തുടർച്ചയായാണ് കഴിഞ്ഞദിവസം പുലർച്ചയുള്ള സംഭവം. മയ്യിൽ മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽ.ഡി.എഫ്‌ ബൂത്ത്‌ ഏജന്റിന് കുത്തേറ്റിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുല്ലക്കോടി യു.പി സ്കൂളിലെ ബൂത്തിന് സമീപം മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.പി. പ്രകാശ (50)നാണ് കുത്തേറ്റത്. കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയതെന്ന് സി.പി.എം ആരോപിച്ചു.

വീണ്ടും നായ്ക്കുരണ പ്രയോഗം

തൃക്കരിപ്പൂർ (കാസർകോട്): ചെറിയൊരു ഇടവേളക്കുശേഷം സംസ്ഥാനത്ത് വോട്ടെടുപ്പുദിവസം നായ്ക്കുരണ (വെൽവെറ്റ് ബീൻ) പ്രയോഗം അരങ്ങേറി. കാസർകോടിന് പുറമെ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നായ്ക്കുരണപ്പൊടി വിതറിയത്. 1980കളോടെ ആരംഭിച്ച ഇതിന്റെ തെരഞ്ഞെടുപ്പിലെ ദുരുപയോഗം ശക്തമായി വീണ്ടും വരുന്ന സാഹചര്യമാണ്.

ഭൂരിഭാഗവും യു.ഡി.എഫ് ഏജന്റുമാരാണ് ഇതിന്റെ ദുരിതം ഏറ്റുവാങ്ങിയത്. കണ്ണൂരിൽ ധർമടത്ത് ഏജന്റുമാർ ഇരിക്കുന്ന ബെഞ്ചിലാണ് പൊടി വിതറിയതായി ശ്രദ്ധയിൽപെട്ടത്. യഥാസമയം കണ്ടെത്തിയതിനാൽ ഏജന്റുമാർ രക്ഷപ്പെട്ടു. പാനൂരിൽ വോട്ടർമാരുടെ വരിയിലേക്കായിരുന്നു പൊടിപറത്തിയത്. ഇവിടെ അൽപനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

കോഴിക്കോട് നാദാപുരത്തും പേരാമ്പ്രയിലും പൊടിപ്രയോഗമുണ്ടായി. മലപ്പുറം താനൂരിലും തിരുവനന്തപുരം കാട്ടാക്കട, നേമം എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായി. കാസർകോട് ഉദിനൂർ 154ാം നമ്പർ ബൂത്ത് ഏജന്റായ മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രതിലക്കുനേരെയാണ് പൊടിവിതറിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കയിടത്തും പൊലീസ് കേകെടുത്തിട്ടുണ്ട്.

കേസെടുത്താൽതന്നെ ശിക്ഷിക്കപ്പെടുന്ന സംഭവങ്ങൾ കുറവാണെന്ന് അഡ്വ. ഷാജിദ് കമ്മാടം പറഞ്ഞു. മനഃപൂർവം ഉപദ്രവിക്കുക, അപകടകരമായ വസ്തു ഉപയോഗിക്കുക (ബി.എൻ.എസ് 118(1), 115) എന്നിവ പ്രകാരം തടവോ പിഴയോ രണ്ടുംകൂടെയോ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച വസ്തു ഏതാണെന്ന് തെളിയിക്കുക പ്രയാസകരമാണ്. ‘ആയുധം’ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വിശേഷിച്ചും. സ്ത്രീകൾക്ക് നേരെയാകുമ്പോൾ സെക്ഷൻ 79 കൂടി ചേർക്കാറുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 135 എ കൂടി ചാർത്തും. തെരഞ്ഞെടുപ്പിൽ പേരുദോഷം ഏറെയുണ്ടെങ്കിലും വാജീകരണ ഔഷധമെന്ന നിലയിൽ ആയുർവേദത്തിൽ പ്രയോഗത്തിലുള്ളതാണ് നായ്ക്കുരണ.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനുനേരെ വടിവാൾ ആക്രമണം

അടിമാലി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനുനേരെ സി.പി.എം പ്രവർത്തകരുടെ വടിവാൾ ആക്രമണം. കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡന്റ് ചാത്തനാട്ട് റോയിയെയാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അരുവിളാംചാൽ നാലാനിക്കൽ തോമസ് ബേബി (55), രാജകുമാരി മറ്റത്തിൽ അജിത്ത് (26), രാജകുമാരി തളിയിച്ചിറ സെബി (45) എന്നിവരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. റോയി ചാത്തനാട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Widespread violence in Kannur; Congress office vandalized, houses attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.