മെഡിക്കൽ കോളജുകളെ ആര് രക്ഷിക്കും?

ആവശ്യത്തിന് ഡോക്ടർമാരും സീനിയർ റസിഡന്റുമാരുമില്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടമായത് സംസ്ഥാനത്ത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ മെഡിക്കൽ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി. സർക്കാരി​െന്റ പിടിപ്പുകേടാണ് സീറ്റുകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ സ്ഥിതി മാധ്യമം ലേഖകർ വിലയിരുത്തുന്നു. 

ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ്​ മുന്നിലാണെന്ന്​ ആരോഗ്യവകുപ്പ്​ അവകാശപ്പെടുമ്പോഴും അടിസ്ഥാന സൗകര്യമടക്കമുള്ള കാര്യങ്ങൾ പരിതാപകരം. ഇതിനൊപ്പം അക്കാദമിക്​ നിലവാരവും ഗവേഷണ പ്രവർത്തനങ്ങളും ശരാശരി എന്നുപോലും പറയാൻ പറ്റാത്ത അവസ്ഥയാണ്​. 250 പേർക്ക്​ പഠിക്കാൻ ഇരിപ്പിടം 200 മാത്രം. അതും 1951ൽ കോളജ്​ ആരംഭിച്ചപ്പോൾ 100 സീറ്റിനുവേണ്ടി തയാറാക്കിയത്. നാഷനൽ മെഡിക്കൽ കമീഷന്‍റെ (എൻ.എം.സി) അടിസ്ഥാന സൗകര്യ പരിശോധന ഒട്ടും കാര്യക്ഷമമല്ല. വീഴ്ച ബോധ്യപ്പെട്ടാലും സ്വീകരിക്കുക​ മൃദുസമീപനം മാത്രം​. പേരിന്​ പോലും ഗവേഷണം നടക്കുന്നില്ലെന്ന്​​​ സ്​റ്റേറ്റ്​ ബോർഡ്​ ഫോർ മെഡിക്കൽ റിസർചിന്‍റെ (എസ്​.ഡി.എം.ആർ) ഫണ്ട്​ വിനിയോഗം പരിശോധിച്ചാൽ വ്യക്​തമാകും​. ഫണ്ടിന്‍റെ 25 ശതമാനം പോലും ചെലവിടുന്നില്ല.

എൻ.എം.സി മാർഗരേഖപ്രകാരം 250 സീറ്റുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന് എയർ കണ്ടീഷൻ ചെയ്ത ഏഴ് ലെക്​ചർ തിയറ്ററുകൾ വേണം​.അതിൽ ആറെണ്ണം 300 പേർക്ക് ഇരിക്കാനും ഒരെണ്ണം 650 പേർക്ക് ഇരിക്കാനും കഴിയുന്നതാകണം. 20 ശതമാനം അധിക ഇരിപ്പിടം പഠന മുറികളിലുണ്ടാകണം. പക്ഷെ, തിരുവനന്തപുരത്ത്​ എല്ലാം പരിമിതമാണ്​. റാങ്കിങ്ങിൽ ഒന്നാമതുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ അവസ്ഥയാണ് ഇത്.

കൊല്ലത്ത് അംഗീകാരം കിട്ടി, എപ്പോൾ വേ​ണമെങ്കിലും പോകാം

എൻ.എം.സി പൂർണ അംഗീകാരം കിട്ടിയ ഗമയിൽ നിൽക്കുകയാണ്​ കൊല്ലത്തിന്‍റെ സ്വന്തം ‘സർക്കാർ മെഡിക്കൽ കോളജ്’. എന്നാൽ, മെഡിക്കൽ കോളജ്​ എന്ന ബോർഡിനപ്പുറം ജില്ല ആശുപത്രിയുടെ മികവ്​ പോലും അവകാശപ്പെടാനില്ലാത്ത ആശുപ​ത്രിയിൽ പുകയുന്ന പ്രശ്നങ്ങൾ അവിടെയുള്ളവർ തന്നെ അനുഭവിച്ച്​ തളരുകയാണ്​. കിട്ടിയ അംഗീകാരം ഏതു നിമിഷവും പോകാം എന്ന സ്ഥിതിയാണുള്ളത്.

ഇ.എസ്​.ഐ കോർപറേഷനിൽ നിന്ന്​ സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ​ 2016ൽ ആണ്​ കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്​ ഔദ്യോഗിക തുടക്കമായത്​. 2017ൽ 100 എം.ബി.ബി.എസ്​ സീറ്റുമായി തുടങ്ങിയ മെഡിക്കൽ കോളജിന്​, ആദ്യ വർഷത്തേക്കുള്ള അംഗീകാരമാണ്​ തുടക്കത്തിൽ നൽകിയത്​. തുടർന്ന്,​ ഓരോ വർഷവും പരിശോധന നടത്തി അനുമതി പുതുക്കുകയായിരുന്നു. ആകെ 390 തസ്തികകളാണ്​ തുടക്കത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ചത്​. അതിൽനിന്ന്​ വളരെയൊന്നും മുന്നേറാൻ സ്ഥാപനത്തിനായിട്ടില്ല​.

കോളജിലെ ആദ്യ ബാച്ച്​ ഹൗസ്​ സർജൻസി ഉൾപ്പെടെ കഴിഞ്ഞ്,​ പഠനം പൂർത്തിയാക്കി ഇറങ്ങിയത്​ ഈ വർഷമാണ്​​. ഇതിനൊപ്പമാണ്​ കഴിഞ്ഞ ജൂണിൽ 110 സീറ്റുകൾക്ക്​ നാഷണൽ മെഡിക്കൽ കമീഷന്‍റെ പൂർണ അംഗീകാരം എത്തിയത്​. കഷ്ടിച്ചു കടന്നുകൂടി എന്ന്​ വേണം കൊല്ലം മെഡിക്കൽ കോളജിന്‍റെ നേട്ടത്തെ വിശേഷിപ്പിക്കാൻ.

കാഷ്വാലിറ്റി, ഒ.പി, വാർഡ്​ എന്നിങ്ങനെ ഓ​ടി നടക്കേണ്ട മെഡിസിൻ വിഭാഗത്തിൽ ആകെയുള്ളത്​ നാല്​ ഡോക്ടർമാർ. പി.ജി വിഭാഗമായ മൈക്രോബയോളജി ഡിപാർട്​മെന്‍റിൽ നാല്​ പേരുടെ കുറവാണുള്ളത്​, ആകെ ഉള്ളത്​ രണ്ട്​ ​സ്ഥിര ഡോക്​ടർമാർ. ഇവർ തന്നെ കുട്ടികളെ പഠിപ്പിക്കാനും പോകണം, രോഗികളെ ചികിത്സിക്കാനും പോകണം. നഴ്​സിങ്​ ജീവനക്കാരിൽ മാത്രം നൂറിലധികം ഒഴിവാണുള്ളത്​. ‘മെഡിക്കൽ കോളജ്’​ എന്ന ബോർഡുള്ള ഈ ആശുപത്രിയിൽ ആകെ ഉള്ള സ്​പെഷലൈസേഷൻ കാർഡിയോളജിയാണ്​. പേരിനായി ഒരൊറ്റ ഡോക്ടർമാത്രം.

കോന്നിയിൽ പേരിനൊരു മെഡിക്കൽ കോളജ്​; ചികിത്സക്ക്​ കോട്ടയത്ത്​ പോകണം

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലയിലുള്ളവർക്കായി വിഭാവനം ചെയ്ത കോന്നി മെഡിക്കൽ കോളജ് ആശുപത്രി ഇതുവരെ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ മുടക്കി കെട്ടിട സമുച്ചയങ്ങൾ നിർമിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത നിലയിലാണ്.

2013ലാണ് മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. ഒ.പി സജീവമാണെങ്കിലും മറ്റ്​ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്​തതയും സ്​പെഷലിസ്റ്റ്​ ഡോക്ടർമാർ ഇല്ലാത്തതും രോഗികളെ ഇവിടെനിന്ന്​ അകറ്റുന്നു. ഇതിനിടെ കിടക്കകളുടെ എണ്ണം 300 ആയി ഉയർത്തി. 100 കുട്ടികൾ എം.ബി.ബി.എസ്​ പഠനം നടത്തുന്നു.മലയോര മേഖലയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും ഇവിടെ കിടത്തി ചികിത്സിക്കുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളജിലേ​േക്കാ വിടുകയാണ്​ പതിവ്​.

പരിമിതമായ സൗകര്യങ്ങളോട് കൂടിയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന​െതന്ന്​ പുറത്ത്​ ബോർഡ്​ സ്​ഥാപിച്ചിട്ടുണ്ട്​. പ്രസവ ചികിത്സ, ഹൃദയാഘാതം, ഗുരുതരമായ വിഷബാധ, പക്ഷാഘാതം, വെന്‍റിലേറ്റർ, ഐ.സി.യു സൗകര്യം വേണ്ടിവരുന്ന ചികിത്സകൾ എന്നിവ അത്യാഹിത വിഭാഗത്തിൽ ഇ​ല്ലെന്നാണ്​ ആശുപത്രി സൂപ്രണ്ടിന്‍റെ ​പേരിലുള്ള ബോർഡിൽ വ്യക്​തമാക്കിയിരിക്കുന്നത്​​.

കോട്ടയത്ത് സൗകര്യങ്ങളുണ്ട്; പക്ഷെ ജീവനക്കാരില്ല

ഹൃദയം മാറ്റി​െവക്കൽ ശസ്ത്രക്രിയ, വെരിക്കോസ്​ ബാധിതർക്കുള്ള ലേസർ ചികിത്സ തുടങ്ങിയവയിലൂടെ ഇന്ത്യയിലെതന്നെ പ്രധാന മെഡിക്കൽ കോളജുകളിലൊന്നായി മാറിയ കോട്ടയം മെഡിക്കൽ കോളജിന്‍റെ പ്രധാന പ്രശ്നം മതിയായ ജീവനക്കാരില്ലാത്തത്​. അധ്യാപകർ ഉൾപ്പെടെ ഇവിടെയില്ലാത്തത്​ പ്രശ്നം സൃഷ്ടിക്കുന്നു. 1962ൽ മെഡിക്കൽ കോളജ് ആരംഭിച്ചപ്പോൾ മുതലുള്ള സ്റ്റാഫ് പാറ്റേണാണ്​ ഇപ്പോഴുമുള്ളത്​. അന്ന്​ ഒരു ദിവസം നൂറിൽ താഴെ പേർ മാത്രം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന സ്ഥലത്ത് ഇപ്പോൾ നാനൂറോളം പേരാണ്​ കിടത്തി ചികിത്സക്ക്​ വിധേയമാകുന്നത്​. ഒ.പികളിൽ ഒരു ദിവസം രണ്ടായിരത്തിലധികം പേരാണ്​ എത്തുന്നത്​.

അധ്യയനത്തെയും സാരമായി ബാധിക്കുന്ന നിലയിലാണ്​ സ്റ്റാഫ്​ പാറ്റേൺ. സീനിയർ അധ്യാപകരുടെയും അഭാവമുണ്ട്​. എന്നാൽ, കൂടുതൽ പേർ എത്തുന്ന ഗൈനക്കോളജി വിഭാഗത്തിൽ നാല് അസി. പ്രഫസർമാരടക്കം രണ്ട് വിഭാഗങ്ങളിൽ മാത്രമാണ് സീനിയർ അധ്യാപകരുടെ കുറവുള്ളതെന്ന് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ പറഞ്ഞു. ആധുനിക ചികിത്സ സംവിധാനങ്ങളിൽ സംസ്ഥാനത്ത് മികച്ച മെഡിക്കൽ കോളജുകളിൽ പ്രമുഖ സ്ഥാനമാണ്​ കോട്ടയത്തിനുള്ളതെന്നും കോളജ്​ അധികൃതർ അവകാശപ്പെടുന്നു..

പേരിലൊതുങ്ങി ഇടുക്കി മെഡിക്കൽ കോളജ്​

2014ൽ പ്രവർത്തനം തുടങ്ങിയ ഇടുക്കി മെഡിക്കൽ കോളജ്​ നിലനിൽപിനായി ഇപ്പോഴും പൊരുതുന്നു. പ്രഫസർമാരും റെസിഡന്‍റ്​ ട്യൂട്ടർമാരുമില്ലാത്തതാണ്​ പ്രധാന വെല്ലുവിളി. സുഗമമായ നടത്തിപ്പിന്​ 85 പേരാണ്​ വേണ്ടത്​. ​​മൂന്ന്​ പ്രഫസർമാർ, 17 അസോ.​ പ്രഫസർമാർ, ഒമ്പതു അസി. പ്രഫസർമാർ, 33 റെസിഡന്‍റ് ട്യൂട്ടർമാർ എന്നിവരുടെ കുറവാണ്​ പ്രധാനമായും ഉള്ളത്​. കുറവ് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഈ വർഷം കോഴ്സ് തുടങ്ങുന്നത് പ്രയാസകരമാകുമെന്ന് ആരോഗ്യസർവകലാശാല മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

മറ്റു മെഡിക്കൽ കോളജുകളിൽനിന്ന് അധ്യാപകരെയും റെസിഡന്‍റുമാരെയും നിയോഗിച്ച് പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ്​ നൽകിയിട്ടുണ്ടെന്ന്​ മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഡോ. ബാലകൃഷ്ണൻ പറയുന്നു​. ഇടുക്കിയിലെ സൗകര്യങ്ങളുടെ അഭാവം മൂലം ഇവിടെത്തുന്നവരിൽ പലരും സ്ഥലം മാറിപ്പോകുന്നതും വെല്ലുവിളിയാണ്​. നിലവിൽ 100​ വിദ്യാർഥികളാണ്​ ഉള്ളത്​. അടുത്ത അധ്യയന വർഷം മുതൽ 200 കുട്ടികളാകും. അടുത്ത ബാച്ചിനുവേണ്ട സൗകര്യങ്ങൾക്കായി നിർമാണം പുരോഗമിക്കുകയാ​ണെന്നും പ്രിൻസിപ്പൽ പറഞ്ഞു. ​

2011-12ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയാണ്​ ഇടുക്കിയിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്​. ​അന്ന് നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ല ആശുപത്രി മെഡിക്കല്‍ കോളജാക്കി ഉയർത്തുകയായിരുന്നു. തുടക്കത്തിൽ 50 കുട്ടികൾക്കായിരുന്നു പ്രവേശനം. 2014ൽ ആരംഭിച്ച മെഡിക്കൽ കോളജിൽ 2016വരെ മാത്രമേ അധ്യയനം നടന്നുള്ളൂ. യു.ഡി.എഫ് സർക്കാറിന്‍റെ അവസാന കാലത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം റദ്ദാക്കി. നിലവിലുണ്ടായിരുന്ന 50 കുട്ടികളെ കേരളത്തിലെ ഇതരമെഡിക്കൽ കോളജുകളിലേക്കു മാറ്റി. പിന്നീടു വന്ന ഇടതു സർക്കാറിന്‍റെ ഇടപെടലിൽ മെഡിക്കൽ കോളജിന്‍റെ അംഗീകാരം പുനഃസ്ഥാപിക്കുകയായിരുന്നു.

എറണാകുളത്തും മെഡിക്കൽ കോളജിന് രക്ഷയില്ല

പരാധീനതകൾക്ക് നടുവിലാണ് എറണാകുളം ഗവ. മെഡിക്കൽ കോളജ്. പ്രധാന ഡിപ്പാർട്​​െമന്‍റുകളിൽ സീനിയർ റെസിഡൻറ് ഡോക്ടർമാർ മുതൽ അനുബന്ധ ജീവനക്കാർ വരെയുള്ളവരുടെ കുറവ് പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്​. വിവിധ ഡിപ്പാർട്​​െമന്‍റുകളിൽ വകുപ്പ് തലവൻ, പ്രഫസർമാർ എന്നിവരില്ല. അഞ്ച് വിഭാഗങ്ങളിൽ മാത്രമേ പി.ജിയുള്ളൂ. സൂപ്പർ സ്പെഷാലിറ്റി സേവനങ്ങളുടെ അപര്യാപ്തതയുമുണ്ട്. ന്യൂറോ സർജറി, ന്യൂറോളജി, കാർഡിയോ തെറപ്പി ഡിപ്പാർട്​മെന്‍റുകളില്ല. ഡെർമറ്റോളജി, ബയോ കെമിസ്ട്രി തുടങ്ങിയ വിഭാഗങ്ങളിൽ വകുപ്പ് തലവന്മാരില്ല.

ന്യൂറോ സർജൻ വേണമെന്നത് മെഡിക്കൽ കോളജ് ആരംഭിച്ച കാലം മുതലുള്ള ആവശ്യമാണ്. അപകടത്തിൽപെട്ട് തലക്ക് പരിക്കേറ്റ് വരുന്നവരെ കോട്ടയം മെഡിക്കൽ കോളജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പറഞ്ഞയക്കുന്ന സ്ഥിതിയാണ്. യൂറോളജി സർജൻ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പൊള്ളലേറ്റ് വരുന്നവരെ ചികിത്സിക്കാൻ പ്ലാസ്റ്റിക് സർജനില്ല. അവശരായ രോഗികളെ സഹായിക്കാൻ ആവശ്യത്തിന് അറ്റൻഡർമാരില്ലെന്ന പരാതിയും കാലങ്ങളായുള്ളതാണ്.

പഠിപ്പിക്കാനാളില്ലാതെ തൃശൂർ

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 10 ശതമാനത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കാലാവധി കഴിഞ്ഞതിനാൽ സീനിയർ റെസിഡന്‍റുമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണത്താൽ നിലവിൽ ഒഫ്താൽമോളജിയുടെ അംഗീകാരമാണ് നഷ്ടമായത്. ഇവിടെ പ്രത്യേക മുറിയുൾപ്പെടെയുള്ള സജ്ജീകരണങ്ങളോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാത്തതാണ് കാരണം. ഇതുകൂടാതെ ഏഴ് പി.ജി സീറ്റുകളുടെയും അംഗീകാരം നഷ്ടമായി.

പരീക്ഷ കഴിഞ്ഞ് ഒരുമാസത്തോളം കഴിഞ്ഞേ ഇനി സീനിയർ റെസിഡന്‍റുമാരുടെ ഒഴിവുകൾ നികത്താനാകൂവെന്നാണ് അധികൃതർ പറയുന്നത്. പ്രധാന വിഭാഗങ്ങളിലൊന്നായ ഫോറൻസിക് മുന്നോട്ടുപോകുന്നത് ഒരു പ്രഫസറെയും അസോസിയേറ്റ് പ്രഫസറെയും അസി. പ്രഫസറെയും വെച്ചാണ്. ഇവിടെ നാല് അസി. പ്രഫസർ വേണ്ടിടത്ത് ഉള്ളത് ഒരാൾ മാത്രം. ഏഴുപേരാണ് ഈ ഡിപ്പാർട്മെന്‍റിൽ ഉണ്ടായിരുന്നത്. 1964ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതനുസരിച്ചാണെങ്കിൽ പോലും 10 ശതമാനത്തോളം അധ്യാപക തസ്തികയിൽ ആളില്ലാത്ത സ്ഥിതിയാണ്. മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിക്കുകയും ചെയ്തു.

(തുടരും)

Tags:    
News Summary - Who will save medical colleges?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.