പൊലീസിന് ആര് സുരക്ഷയൊരുക്കും?

തിരുവനന്തപുരം: കേരളത്തിൽ നിയമം നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആര് സംരക്ഷിക്കുമെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. സുരക്ഷക്കായി അമേരിക്കൻ പൊലീസ് ഉപയോഗിക്കുന്ന രീതിയിലുള്ള വേഷങ്ങളും ഉപകരണങ്ങളും നൽകണമെന്ന് പൊലീസ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. എന്നാൽ, തീരുമാനങ്ങൾ മനുഷ്യാവകാശ പ്രശ്നങ്ങളിൽ തട്ടി നിൽക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചങ്ങനാശ്ശേരിയിൽ റിട്ട. എസ്.ഐയെ കാപ്പാ കേസ് പ്രതി മുഖത്ത് അടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.

രാത്രിയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടാകുന്നതെന്നും വിവരമറിഞ്ഞ് പൊലീസ് സംഘം എത്തുമ്പോൾ അക്രമികൾ പൊലീസിനുനേരെ തിരിയുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കത്തിയും വാളുമടക്കം മാരകായുധങ്ങളുമായി കുഴപ്പം സൃഷ്ടിക്കുന്ന അക്രമികളെ പിടിക്കാൻ പൊലീസ് പോകുന്നത് വെറും ലാത്തിയുമായാണ്. ചിലയിടങ്ങളിൽ ഈ ലാത്തികൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. സംഘർഷം രൂക്ഷമാണെങ്കിൽ കൂടുതൽ പൊലീസിനെ എത്തിക്കാൻ വയർലെസ് വഴി വിവരം കൈമാറുകയാണ് ചെയ്യുക. എന്നാൽ, കാലഹരണപ്പെട്ട വയർലെസ് സംവിധാനങ്ങളിൽ പറയുന്നതെന്തെന്നോ കേൾക്കുന്നതെന്തെന്നോ മനസ്സിലാകാത്ത സ്ഥിതിയാണ്. ഇത്രയും പ്രശ്നങ്ങൾ സ്വയം പരിഹരിച്ചാണ് ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്.

മദ്യപിച്ചും കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചും ‘കിളി പാറി’ നിൽക്കുന്ന പ്രതികളെ പിടികൂടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കടിച്ച് പരിക്കേൽപ്പിക്കും. ചിലർ വേദന സഹിച്ചും പ്രതിയെ പിടികൂടും. മറ്റു ചിലർ വേദനയാൽ പ്രതിയെ വിടും. പിന്നീട് കൂടുതൽ പൊലീസ് എത്തിവേണം ഇയാളെ കീഴടക്കാൻ. ഒന്ന് ശ്രദ്ധമാറി പ്രതി മുങ്ങിയാൽ പിന്നെ പൊലീസിന്റെ ആഭ്യന്തര അന്വേഷണവും മറ്റുമാണ് നേരിടേണ്ടിവരുക. രാഷ്ടീയ പാർട്ടികൾ നടത്തുന്ന സമരങ്ങളിലും വലിയ വ്യത്യാസമില്ല. പലപ്പോഴും ഉദ്യോഗസ്ഥർക്ക് ഹെൽമെറ്റ് ഉണ്ടാകാറില്ല. ഇരുചക്ര വാഹനത്തിൽ ഉപയോഗിക്കുന്ന ഹെൽമെറ്റുകളാണ് പലരും ഉപയോഗിക്കുന്നത്. ചൂരൽ ലാത്തി മാറ്റി ഫൈബർ ലാത്തി ഇതുവരെ പൂർണമായും ലഭ്യമായിട്ടില്ല.

ജനത്തിന് സംരക്ഷണം നൽകണമെന്നത് പൊലീസിന്റെ കടമയാണ്. അതിൽ പിഴവുണ്ടായാൽ സർക്കാർതലത്തിൽ നടപടി സ്വീകരിക്കും. എന്നാൽ, സ്വയം എങ്ങനെ പ്രതിരോധം തീർക്കുമെന്ന കാര്യത്തിൽ ഇന്നും ഉദ്യോഗസ്ഥർക്ക് ഒരു പിടിയുമില്ല. പലരും കുടുംബമായി യാത്ര ചെയ്യുന്നത് പോലും മുഖം മറക്കുന്ന മാസ്ക്ക് ഉപയോഗിച്ചാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

Tags:    
News Summary - Who will provide security for the police?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.