കോഴിക്കോട്: യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാകുമോ എന്നാണ് ഏവരും ചോദിക്കുന്നത്, എന്നാൽ, ഇടതുമുന്നണിയുടെ പ്രതിപക്ഷ നേതാവ് പിണറായി ആകുമോ? അതോ റിയാസ് ആകുമോ? എന്ന് ചോദിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.
യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. യു.ഡി.എഫിന് യഥാർത്ഥത്തിൽ സന്തോഷമുണ്ട്. കാരണം, മുഖ്യമന്ത്രി യു.ഡി.എഫിന്റെതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഒരു നവമാധ്യമത്തിനുപോലും സംശയമില്ല. എ.ഐ.സി.സിക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ഒര് രീതിയുണ്ട്. അത്, എല്ലാവർക്കും അറിയാം. ഏറ്റവും പ്രഗത്ഭനായ ഒരാളെ തന്നെ പ്രഗത്ഭരായവരിൽ നിന്നും തെരഞ്ഞെടുക്കും. അതാണ് നടക്കാൻ പോകുന്നത്. ഏറ്റവും ഉചിതമായ സമയത്ത് ഉചിതമായ ഒരാളെ പ്രഖ്യാപിക്കും. ഈ വിഷയത്തിൽ ആരും അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: അതൃപ്തി വ്യക്തമാക്കി പി.എം.എ സലാം; 'യു.ഡി.എഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കും'
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട് എണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രിചർച്ച തെരുവിലേക്ക് വലിച്ചിഴക്കുന്നതിൽ അതൃപ്തി വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഇത്തരം ചർച്ചകൾ അനവസരത്തിലാണെന്നും യു.ഡി.എഫിന്‍റെ വിജയത്തിന് കഠിനാധ്വാനം ചെയ്ത പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്നും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണിക്കഴിയണം. എന്നിട്ട് ഭൂരിപക്ഷം ലഭിക്കണം. അതന് മുമ്പ് ചർച്ച പൊതു സമൂഹത്തിൽ വരുന്നത് ശരിയല്ല. ഇത് ഉചിതമായ നടപടിയല്ല എന്ന് മുസ്‌ലിം ലീഗ് ഉറച്ചുവിശ്വസിക്കുന്നു. ലക്ഷക്കണത്തിന് യു.ഡി.എഫ് പ്രവർത്തകർ ചെയ്ത മഹാത്യാഗത്തെ വിസ്മരിക്കലാണ് മുഖ്യമന്ത്രി ചര്‍ച്ചയെ ഒരു തർക്കത്തിലേക്ക് കൊണ്ടുവരുന്നത്. വോട്ടർമാർക്കിടയിലും യു.ഡി.എഫ് പ്രവർത്തകർക്കിടയിലും നൈരാശ്യമുണ്ടാക്കുന്ന പ്രവർത്തനത്തിലേക്ക് നേതാക്കൾ പോവരുത്' അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയാക്കി ഉയിർത്തിക്കാണിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിന്‍റെ ചരിത്രത്തിൽ മുമ്പ് ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു പി.എം.എ സലാമിന്‍റെ പ്രതികരണം. സി. അച്യുത മേനോൻ രാജ്യസഭാഎം.പിയായിരിക്കെയാണ് കേരളത്തിൽ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കിയതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ ചര്‍ച്ചകൾ അനവസരിലാണ്. മുഖ്യമന്ത്രി പദിവുയമായി ബന്ധപ്പെട്ട് ലീഗിനോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിക്കുമ്പോൾ പറയും. കോൺഗ്രസ് തീരുമാനം ലീഗ് അംഗീകരിക്കുമെന്നും സലാം പറഞ്ഞു.
മലപ്പുറം പുറത്തുമുള്ള ഘടകകക്ഷിനേതാക്കൾ പാണക്കാട്ടും കുഞ്ഞാലിക്കുട്ടിയെയും വന്ന് കണ്ട് സൗഹൃദം പങ്കിടൽ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്‍റെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നോ എന്ന് ചോദ്യച്ചപ്പോൾ മാധ്യമങ്ങളെ അറിയിച്ചാൽ പോരെ, നിങ്ങളല്ലെ ഏറ്റവും വലിയ ഹൈക്കമാൻഡ് എന്നായിരുന്നു സലാമിന്‍റെ മറുചോദ്യം. മുഖ്യമന്ത്രി ചർച്ചയയെ വിമർശിച്ച് കോൺഗ്രസിന്‍റെ കോഴിക്കോട്ടെ എം.പി എം.കെ രാഘവനും ഇന്ന് മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പി മാർ മത്സരിക്കുരുതെന്ന് ഹൈക്കമാന്‍റ് പറഞ്ഞിട്ടില്ലെന്നും അത് ചിലരുടെ പിടിവാശിയാണെന്നും എം. കെ രാഘവൻ എം.പി പറഞ്ഞു. അത് ഹൈക്കമാൻഡിന്‍റെ തലയിൽ ഇടേണ്ടതില്ലെന്നും രാഘവൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ വന്ന് വാശിപിടിച്ചതുകൊണ്ടാണ് പിന്നീട് ഹൈക്കമാൻഡ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നും എം.കെ രാഘവൻ പറഞ്ഞു.
വോട്ടെണ്ണും മുമ്പ് മുഖ്യമന്ത്രി ചര്‍ച്ച ശിയായില്ല. അനവസരത്തിലുള്ള ചർച്ചയാണത്. ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം ചർച്ച ഉണ്ടാവാൻ പാടുള്ളു. കേരളത്തിൽ ഇത് ആദ്യമാണ്. ഇത് നല്ല പ്രവണതയല്ല. യു.ഡി.എഫ് പ്രവർത്തകർ കഠിനാധ്വാനം ചെയ്ത് മുന്നണിയെ അധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതിനിടെ തെരുവിൽ വച്ച് മുഖ്യമന്ത്രി ആരാവണമെന്ന് ചര്‍ച്ച നടത്തുന്നത് ഒരു കാരണാവശാലും കോൺഗ്രസിനും യു.ഡി.എഫിനും ഗുണകരമല്ല. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും രാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.