കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര്; ചെന്നിത്തലയെ വിട്ട് കെ.സിക്കായി കെ. സുധാകരൻ, ചേരിതിരിഞ്ഞ് പ്രവർത്തകർ

കോഴിക്കോട്: കസേരക്കായി ചരട് വലി​ കോൺഗ്രസിനകത്ത് ശക്തമായി. സാധാരണ പ്രവർത്തകൻ മുതൽ നേതാക്കൾ വരെ പക്ഷം പിടിച്ച് രംഗത്തെത്തുകയാണ്. ഒടുവിൽ മുൻ കെ.​പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ തന്നെ കെ.സി. വേണുഗോപാലിനെ കേരളത്തിനാവശ്യ​മെന്ന് ഉന്നയിച്ചതോടെ ചർച്ച മുറുകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കെ. സുധാകരൻ രമേശ് ചെന്നിത്തലക്കാണ് പ്രാധാന്യം നൽകിയത്. എന്നാലിപ്പോൾ, കെ.സി. വേണുഗോപാലിനൊപ്പം നിൽക്കുകയാണ്. സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്...’. ഈ കുറിപ്പിനു​താഴെവരുന്ന കമന്റുകളി​ലേറെയും വി.ഡി. സതീശനായുള്ള മുറവിളികളാണ്. ‘ഇക്കൂട്ടർ ജയിക്കേണ്ടായിരുന്നു’ എന്ന് പറയുന്നവരും കൂട്ടത്തി​ലുണ്ട്.

മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ രംഗത്ത്. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്ന് മുരളീധരൻ. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ല.

രാഹുൽ ഗാന്ധി മുൻപ് പറഞ്ഞത് ഓർമ്മപ്പെടുത്തി​കൊണ്ടാണ് മുരളീധരൻ ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് മറക്കരുത്. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടക്കും. ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഈ സാഹചര്യത്തിൽ രംഗത്ത് വരുന്നത് ശരിയല്ല. മെയ് നാലിന് റിസൾട്ട് വരുന്ന വരെ കാത്തിരിക്കണം. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ അതി​ന്റെതായ നടപടി ക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങൾ ഹൈക്കമാൻഡ് പറയും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥനത്തേക്ക് ഒരു നേതാവിന്റെയും പേര് ഇപ്പോൾ പരിഗണനയിൽ ഇല്ല. ടീം യു.ഡി.എഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിന് ഇത്തവണ 22 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ ഈ വിജയത്തിന് അവർക്കും പങ്കുണ്ട്. അത് കൊണ്ട് കാര്യങ്ങൾ പിന്നിട് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. അനാവശ്യമായ ഇത്തരം ചർച്ചകൾ ഒഴിവാക്കണം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ ആരാണ് മുഖ്യമന്ത്രിയെന്ന തരത്തിൽ കോൺഗ്രസ് നേതാക്കളിൽ ചിലർ ചർച്ച ആരംഭിച്ചിരുന്നു. ഒടുവിൽ, കെ. സുധാകരൻ തന്നെ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് പക്ഷം പിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ. മുരളീധരന്റെ വിമർശനം. മുഖ്യമന്ത്രി ആരെന്ന ചർച്ച അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പറയയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണം. മെയ് നാലിന് റിസൾട്ട് വരട്ടെ. ​അതിനുശേഷം, എം.എൽ.എമാരിൽ ഹൈക്കമാന്റ് അഭിപ്രായം ആരായും. മുതിർന്ന നേതാക്കളോടും അഭിപ്രായം ആരായും. നിലവിൽ, മുതിർന്ന നേതാക്കൾ അഭിപ്രായം പറയാൻ സമമായിട്ടില്ല. ഈ സമയത്ത് അഭിപ്രായം പറയരുത്. പറയയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണം. യോജിച്ച് പോകേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമ​ന്ത്രിക്കായുള്ള ചർച്ചകളെ കുറിച്ച് കെ.സി. വേണുഗോപാൽ പറയുന്നതിങ്ങനെയാണ്:

‘സമൂഹമാധ്യമങ്ങളോ നെഗറ്റീവ്, പോസിറ്റീവ് ചർച്ചകളോ ഒന്നുമല്ല കോൺഗ്രസിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. നാലാം നാലാം തിയതി ഫലം വരട്ടെ. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്, ഫലം വരുന്നവരെ കാത്തിരിക്കുക. കോൺഗ്രസിന്റെ ലീഡർഷിപ്പും സിസ്റ്റവും കൂടിയാലോചിച്ചു തീരുമാനിക്കും. നേതാക്കന്മാർക്കില്ലാത്ത ആശങ്ക നിങ്ങൾക്കെന്തിനാണ്. നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ട് ഇരിക്കുകയാണ്. പൊതുജന മധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്’. ​

Tags:    
News Summary - Who will be the Chief Minister? Dispute intensifies in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.