ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പുതിയ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം സുപ്രീംകോടതിയിൽ. ഇതിൽ ഒരാഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമിയുടെ ഉടമസ്ഥരായിരുന്ന പോത്തന്‍ കുടുംബാംഗങ്ങളിൽനിന്ന് ഭൂമി വാങ്ങിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ ഇന്ദുവിന്റെ ഹരജിയിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടക്കുന്ന ബെഞ്ച് നോട്ടീസ് അയച്ചത്. കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
പോത്തൻ കുടുംബം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ തങ്ങളുടെ കൈവശമെത്തിയ ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്ന് ഇന്ദു ഹരജിയിൽ പറഞ്ഞു. കോടതി നടത്തിയ ലേലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും സുതാര്യമല്ലെന്നും ഇന്ദുവിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു.
1998ല്‍ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരില്‍നിന്നാണ് സി.പി.എം 2021ല്‍ വാങ്ങിയത്. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി തര്‍ക്കം കോടതിയിലാണെന്ന് കാര്യം അറിയിച്ചിരുന്നുവെന്ന് ചിദംബരേഷ് ബോധിപ്പിച്ചു. എന്നാൽ, നേരത്തേ ലേലം അംഗീകരിച്ച ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യരുതെന്നായിരുന്നു സി.പി.എമ്മിനുവേണ്ടി അഭിഭാഷകൻ വി. ഗിരി വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.