ബി.ജെ.പിയുടെ വോട്ട് ലഭിച്ചത് ആർക്ക്; സഭയിൽ വാദപ്രതിവാദവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുകൾ ആർക്ക് ലഭിച്ചെന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സഭയിൽ വാദപ്രതിവാദം. നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചർച്ചയിലാണ് പിണറായി വിജയനും വി.ഡി. സതീശനും നേർക്കുനേർ ഏറ്റുമുട്ടിയത്.

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് എൽ.ഡി.എഫാണെന്ന അവകാശവാദം തെറ്റാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് തീരുമാനമാണ് നിർണായകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, 2016ൽ നേമത്ത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചെന്ന് പ്രതിപക്ഷ നേതാവ് പരോക്ഷമായി സമ്മതിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് നേടിയാണ് ജയിച്ചത്. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടുന്നത് കോൺഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാൽ, കേരളത്തിൽ ബി.ജെ.പിക്കെതിരെ അര അക്ഷരം പോലും പറയുന്നില്ല. കോൺഗ്രസ്, ബി.ജെ.പി ബന്ധത്തിന് ദീർഘകാലത്തെ ചരിത്രമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

എന്നാൽ, കോൺഗ്രസിന് വോട്ട് വർധനയില്ലെന്നും ബി.ജെ.പിക്ക് കുറഞ്ഞ വോട്ടുകൾ മുഴുവനും എൽ.ഡി.എഫിനാണ് കിട്ടിയതെന്നും ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും വി.ഡി. സതീശൻ മറുപടി നൽകി. ഒരു ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫിന് വർധിച്ചത്. ബി.ജെ.പിയുടെ എത്ര ശതമാനം വോട്ട് കുറഞ്ഞു -അദ്ദേഹം ചോദിച്ചു.

എന്നാൽ, ബി.ജെ.പി വോട്ട് ലഭിച്ചിട്ടും 10 മണ്ഡലങ്ങളിൽ മാത്രമേ യു.ഡി.എഫിന് ജ‍യിക്കാൻ സാധിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറക്കുകയും ചെയ്തു. അതിനെ മറികടന്ന് എൽ.ഡി.എഫ് ജയിച്ചുവെന്നതാണ് വസ്തുത.

സുൽത്താൻ ബത്തേരി, പെരുമ്പാവൂർ, കുണ്ടറ, ചാലക്കുടി, കോവളം, കടുത്തുരുത്തി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ട് കണക്കുകളും മുഖ്യമന്ത്രി അവതരിപ്പിച്ചു. ബി.ജെ.പി വോട്ട് ലഭിച്ചില്ലായിരുന്നെങ്കിൽ ഇത്തവണ വലിയ പതനത്തിലേക്ക് യു.ഡി.എഫ് എത്തുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - who got bjp vote argument between pinarayi vijayan and vd satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.