ചാത്തമംഗലം (കോഴിക്കോട്): 2024ലെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോദ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ എൻ.ഐ.ടി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപിക പ്രഫ. ഷൈജ ആണ്ടവന് ഡീൻ പദവി നൽകി കോഴിക്കോട് എൻ.ഐ.ടി. നിരവധി സമരങ്ങൾക്കും സംഘർഷത്തിനും ഇടയാക്കിയ വിവാദത്തിൽപ്പെട്ട ഷൈജ ആണ്ടവനെ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വകുപ്പിന്റെ ഡീൻ പദവിയിലേക്ക് ഉയർത്തിയുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഇറങ്ങിയത്.
വിവാദ സംഭവത്തിൽ ഷൈജ ആണ്ടവൻ നിലവിൽ ജാമ്യത്തിലാണ്. ഏപ്രിൽ ഏഴുമുതലാണ് പുതിയ പദവി. രണ്ടുവർഷത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ ഡോ. പ്രിയ ചന്ദ്രൻ ഡീൻ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവന് ഡീൻ പദവി നൽകി ഉത്തരവിറക്കിയത്. ‘ഗോദ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവൻ 2024ൽ കമന്റിട്ടത്.
‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോദ്സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോദ്സെ ചിത്രത്തിന് താഴെയായിരുന്നു ഇവരുടെ കമന്റ്.
പ്രതിഷേധം ശക്തമായതോടെയാണ് കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തത്. പിന്നീട് കുന്ദമംഗലം കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.