കോഴിക്കോട്: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇത്തരം പരിപാടികള്‍ ജനാധിപത്യപരമായാണ് നടത്തേണ്ടതെന്നും ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വിളിക്കണമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതിനെ ഉപയോഗിക്കാവുന്നൊരു പദം ചീപ്പാണെന്നതാണ്. വിളിക്കേണ്ടത് മര്യാദയായിരുന്നു,’ അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സർക്കാരുമെല്ലാം പ്രതിപക്ഷ ബഹുമാനം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് കേന്ദ്രവും കേരളവും തമ്മിൽ വൻ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്തത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച്, പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പ്രതിഷേധ സൂചകമായി മന്ത്രി റിയാസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് ദേശീയപാതയിൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ റോഡ് ഷോയും സംഘടിപ്പിച്ചു.
സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും റിയാസ് ആരോപിച്ചു. പൊതു മരാമത്ത് മന്ത്രിയുടെ പേര് വെട്ടിമാറ്റിയാണോ ബി.ജെപി സംസ്ഥാന അധ്യക്ഷനെ പട്ടികയിലുൾപ്പെടുത്തിയത്. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ താല്പര്യം മാത്രമാണ്. പരിപാടിയിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുമ്പോൾ കേരളത്തിലെ മറ്റ് പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാരെയും വിളിക്കേണ്ടെയെന്നും റിയാസ് ചോദിച്ചു.
2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ തുടക്കംമുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്തമാക്കി.എൽ.ഡി.എഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.