73.60 ലക്ഷം ചെലവഴിച്ച് നഗരസഭ വയോജനങ്ങൾക്ക് വിതരണം ചെയ്ത 2113 കട്ടിലുകളുടെ ഗുണഭോക്താക്കൾ ആര്?

തിരുവനന്തപുരം : നഗരസഭ വയോജനങ്ങൾക്ക് വിതരണം ചെയ്ത 2113 കട്ടിലുകളുടെ ഗുണഭോക്താക്കൾ ആര്?. ഈ ചോദ്യം ഉന്നയിച്ചത് ഓഡിറ്റ് പരിശോധന റിപ്പോർട്ടിലാണ്. വയോജനങ്ങളുടെ  ക്ഷേമത്തിനായി കട്ടിൽ നൽകൽ പദ്ധതി നഗരസഭ നടപ്പാക്കിയിരുന്നു. എന്നാൽ നഗരസഭ ഓഫിസിലെ ഫയലുകൾ പരിശോധിച്ചതിൽ ഗുണഭോക്താക്കളുടെ പേരുവിവരമില്ല. 73.60 ലക്ഷം ചെലവഴിച്ച് 2113 കട്ടിലുകൾ വാങ്ങിയതായി ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭ 2021-22 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണ പദ്ധതി നടപ്പാക്കിയത്. വയോജനങ്ങൾക്ക് കട്ടിൽ നൽകുക എന്ന ഈ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായി അഡീഷണൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

കട്ടിൽ വാങ്ങുന്നതിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. 2022 ൽ സ്പിൽ ഓവറായ ഒരു പ്രോജക്ട് ആയിരുന്നു 1195/ 2022 പദ്ധതി. ഈ പദ്ധതിയുടെ നടത്തിപ്പിനായി ടെണ്ടർ നടത്തി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരനുമായി ഉടമ്പടിയുണ്ടായി. അത് പ്രകാരം കട്ടിലൊന്നിന് 3649 രൂപയായിരുന്നു കരാറുകാർ ക്വാട്ട് ചെയ്ത് കുറഞ്ഞ തുക. 2021-22 വർഷത്തെ പുതിയ പദ്ധതി എന്ന നിലയിൽ 150/ 2022 എന്നപ്രോജക്ട്. അതിൽ ഒരു കട്ടിലിന് 3200 രൂപയുമാണ് കരാറുകാർ ക്വാട്ട് ചെയ്ത് കുറഞ്ഞ തുക.

കണക്ക് പ്രകാരം രണ്ട് പദ്ധതികളിലുമായി നാളിതുവരെ 2113 കട്ടിലിനുള്ള തുകയാണ് നൽകിയത്. പ്രോജക്ട് 1195/2022 ൽ 40.61 ലക്ഷം രൂപ നൽകി. പ്രോജക്ട് 150/ 2022ൽ 32,99,000 രൂപയും ചെലവഴിച്ചു. രണ്ട് പദ്ധതികളിലായി ആകെ 73.60 ലക്ഷം 2021-22 വർഷത്തിൽ ചെലവഴിച്ചു. ഓഡിറ്റ് പരിശോധനയിൽ 2113 കട്ടിലുകൾ വിതരണം ചെയ്തിരുന്നു.

എന്നാൽ, ഗുണഭോക്താക്കൾക്ക് കട്ടിൽ ലഭിച്ചു എന്ന സാക്ഷ്യപത്രം ഓഫിസിലെ ഫയലുകളിലില്ല. ഗുണഭോക്താക്കൾക്ക് പകരം കൗൺസിലർമാരും അവരുടെ സെക്രട്ടറിമാരും ആണ് കട്ടിൽ കൈപ്പറ്റി എന്ന് പറഞ്ഞ കത്ത് നൽകിയിരിക്കുന്നത്.

ഇത് ചട്ടങ്ങൾക്കെതിരാണ്. ഗുണഭോക്താക്കൾക്ക്, ഗുണഭോക്തൃ ലിസ്റ്റ് പ്രകാരം നൽകേണ്ട കട്ടിലുകൾ കൗൺസിലർമാരും അവരുടെ ആൾക്കാരും സ്വീകരിച്ചിരിക്കുന്നത് തികച്ചും ക്രമവിരുദ്ധമാണ്. ഈ കട്ടിലുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ എന്ന വിവരം ഓഡിറ്റിനെ അറിയിക്കണെന്നാണ് നഗരസഭക്ക് നിർദേശം നൽകി.

സംസ്ഥാന വയോജന നയം, 2013-ന്റെ ഭാഗമായിട്ടാണ് തദ്ദേശ സ്ഥാപനങ്ങൾ വയോജന സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും വയോജന സൗഹൃദ പദ്ധതികൾ നടപ്പാക്കണമെന്നാണ് സർക്കാർ നിരദേശം. വയോജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യവും പങ്കാളിത്തവും ഉറപ്പാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് ഈ പദ്ധതികൾ ലക്ഷ്യം വെക്കുന്നത്. അതിനായി തദ്ദേശ സ്ഥാപനങ്ങൾ വയോജനങ്ങളെ സഹായിക്കുന്നതിനായി പല പരിപാടികളും ആവിഷ്കരിച്ചു. തലസ്ഥാനത്തെ നഗരസഭയും കട്ടിൽ വിതരണം ചെയ്തു. കട്ടിൽ പോയ വഴിയാണ് ഇനി അന്വേഷിക്കേണ്ടത്  

Tags:    
News Summary - Who are the beneficiaries of the 2113 beds distributed to the elderly by the Municipal Corporation at a cost of Rs 73.60 lakh?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.