തൃശൂർ: ബാങ്കുകളിൽ നടന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ നിയമം വ്യവസ്ഥ ചെയ്യുന്ന വിസിൽ ബ്ലോവറിെൻറ ആദ്യ ‘രക്തസാക്ഷിത്വത്തിന്’ തിങ്കളാഴ്ച മൂന്ന് വയസ്സ്. കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിെൻറ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന സ്ഥിര നിക്ഷേപ കുംഭകോണം പുറത്തുകൊണ്ടുവന്ന ഓഫിസർ പി.വി. മോഹനനെ 2015 ജൂൺ 11നാണ് പിരിച്ചുവിട്ടത്. ഇന്ന് ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാവുമ്പോൾ ഇതെല്ലാം അറിയാവുന്ന ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടക്കുന്നത് മുൻകൂട്ടി അധികൃതരെ അറിയിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരംകൂടിയാണ് പി.വി. മോഹനൻ അടക്കമുള്ള ചിലർ. ഒരുപേക്ഷ, ഇന്നുകാണുന്ന നിലയിലേക്ക് ബാങ്ക് വായ്പാ തട്ടിപ്പുകൾ ചുവടുവെച്ചതിെൻറ ആദ്യപടിയാണ് അന്ന് ധനലക്ഷ്മിയിൽ നടന്നത്.
പൊതു പണം കൈകാര്യം ചെയ്യുന്ന ഇടങ്ങളിലെ ദുർവിനിയോഗം സ്ഥാപനത്തിനകത്തോ പുറത്തോ അറിയിക്കാനുള്ളതാണ് വിസിൽ ബ്ലോവർ നിയമം. ബാങ്ക് ഓഫിസർമാരുടെ സംഘടനയുടെ ദേശീയ നേതാവായിരുന്ന മോഹനൻ ഇത് ഉപയോഗിച്ചു. കുറ്റപത്രം നൽകാതെയും വിശദീകരണം ചോദിക്കാതെയുമാണ് അന്ന് മോഹനനെ പിരിച്ചുവിട്ടത്. പെൻഷനും കമ്യൂട്ടേഷനും ലീവ് എൻകാഷ്മെൻറും അടക്കമുള്ള ആനുകൂല്യം നിഷേധിച്ചു. തെൻറ ഭാഗം കേൾക്കണമെന്ന് ഡയറക്ടർ ബോർഡിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മോഹനനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ബാങ്കിെൻറ ഡയറക്ടർ സ്ഥാനം രാജിവെച്ചു. മോഹനൻ ചൂണ്ടിക്കാട്ടിയ തട്ടിപ്പിൽ ഉൾപ്പെട്ട ആന്ധ്ര സ്വദേശിയായ ഡയറക്ടർ പിന്നീട് അറസ്റ്റിലായി.
തൃശൂർ സബ് കോടതിയിൽ മോഹനൻ നൽകിയ പരാതിയിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. ബാങ്കിൽ ഇപ്പോഴും തുടരുന്ന ഉന്നതനെ മുംബൈ പൊലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പലവട്ടം ചോദ്യംചെയ്തു. രണ്ടു പതിറ്റാണ്ടായി ധനലക്ഷ്മി ബാങ്ക് ഓഹരി വിഹിതം കൂട്ടുന്നത് പബ്ലിക് ഇഷ്യുവിന് പകരം സ്വകാര്യ നിക്ഷേപകർ വഴിയാണ്. ഈ നിക്ഷേപകനെ സ്വാധീനിച്ച് പ്രോക്സി കൈക്കലാക്കി ഡയറക്ടർമാരെ നിയമിക്കലും പുറത്താക്കലും തീരുമാനിക്കുന്നത് ആരോപണ വിധേയനായ ഉന്നതനാണെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇങ്ങനെ നിയമനം കിട്ടുന്ന ഡയറക്ടർമാർ ഈ ഉന്നതനെതിരെ ശബ്ദിക്കില്ല. ബോർഡിലെ റിസർവ് ബാങ്ക് പ്രതിനിധികളും ശക്തമായ നിലപാടെടുക്കുന്നില്ല. ഇദ്ദേഹം സമ്മർദം ചെലുത്തി നൽകിയ കോടിക്കണക്കിന് രൂപയുടെ വായ്പ തിരിച്ചുവന്നിട്ടില്ല. 2011 മുതൽ ‘18 വരെയുള്ള കാലത്ത് ബാങ്കിെൻറ ബിസിനസ് 25 ശതമാനം ഇടിഞ്ഞു. ഫെഡറൽ, സൗത്ത് ഇന്ത്യൻ എന്നിവ 175 ശതമാനം വരെ വളർച്ച നേടിയ കാലമാണിത്.
ധനലക്ഷ്മിയിലെ സാഹചര്യം കണക്കിലെടുത്ത് വിസിൽ ബ്ലോവർ നിയമം അഴിച്ചുപണിയണമെന്ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പ്രാഥമിക പരിശോധനയിൽ പരാതി ബോധ്യപ്പെട്ടാൽ റിസർവ് ബാങ്ക് നേരിട്ട് കൈകാര്യം ചെയ്യുകയും സി.ബി.ഐ പോലുള്ള ഏജൻസികളെ അന്വേഷണത്തിന് നിയോഗിക്കുകയും വേണം. പരാതി അറിയിച്ചവരുടെ തൊഴിലും ജീവിതവും പ്രതിസന്ധിയിലാവാതെ സംരക്ഷിക്കാനും വ്യവസ്ഥ വേണമെന്നും ആവശ്യം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.