‘നടി ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയും’, കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് ബി.ജെ.പിക്കില്ലെന്നും എസ്. സുരേഷ്

തിരുവനന്തപുരം: നടി ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. എന്നാൽ ബി.ജെ.പിക്കാരിയല്ല. സിനിമ മേഖലയിൽ ബി.ജെ.പി ഇടപെടുന്നുവെന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല. സിനിമയിൽ നിന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ കിട്ടിയേനെ. പക്ഷേ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബി.ജെ.പിയിൽ വന്നത്. ശ്വേത മേനോൻ ബി.ജെ.പി പ്രതിനിധി അല്ല. ഇന്നസെന്‍റ് അമ്മ പ്രസിഡന്‍റ് ആയപ്പോൾ സി.പി.എം സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി പറഞ്ഞിരുന്നില്ല. രമേഷ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബി.ജെ.പി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. തങ്ങൾ മാന്യത പാലിച്ചിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

‘അമ്മ’ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ ഇന്നലെ രംഗത്തുവന്നിരുന്നു. ശ്വേതാ മേനോൻ ബി.ജെ.പിയിൽ നിന്നു രണ്ടു കോടി ഫണ്ട് വാങ്ങിയെന്ന ആരോപണവും ഇവർ ആവർത്തിച്ചു. അൻസിബയെന്ന മുസ്‍ലിം നാമധാരിയെ വർഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് ‘അമ്മ’യിൽ നടന്നതെന്ന് മാലാ പാർവതി പറഞ്ഞു. ഹിന്ദു ക്ഷേത്രത്തിൽനിന്ന് പണം വാങ്ങിയതിന്‍റെ പേരിൽ അവർ വർഗീയത നടപ്പാക്കിയെന്ന് ഓരോരുത്തരെയും വിളിച്ചുപറഞ്ഞ് ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കും എന്നുള്ളത് ആരോപണമല്ല, തന്‍റെ അനുഭവമാണ്. എന്തുകൊണ്ടാണ് ശ്വേത തനിക്ക് മൈക്ക് തരാതെ ജനറൽ ബോഡിയിൽ വട്ടം പിടിച്ചുനിന്നത്? ഞാൻ സംസാരിക്കാൻ പാടില്ല, മാധ്യമങ്ങളിൽ പോവും എന്നാണ് പറഞ്ഞത്. രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം അജണ്ടയോടുകൂടി അവർ പുറത്തുവിട്ടു.

ഒരാൾ കൂടി ആ ഫോൺകോളിൽ ഉണ്ടായിരുന്നു. ശ്വേതക്ക് എന്തൊക്കയോ ദുരുദ്ദേശ്യമുണ്ട്. അൻസിബക്കെതിരെ ശ്വേത നടത്തിയത് മോശം പരാമർശങ്ങളാണ്. നാലുപേരെ അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത പറഞ്ഞു. താൻ ഇത് പുറത്ത് പറയുമെന്ന് ശ്വേതയെ അറിയിച്ചപ്പോൾ തന്നെ സിനിമയിൽനിന്ന് ഇല്ലാതാക്കുമെന്നായിരുന്നു മറുപടി. അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’ സംഘടനക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബി.ജെ.പി നേതാവ് പത്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്‍റെ വീഡിയോ മാലാ പാർവതി വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഒരു മൾട്ടി നാഷനൽ കമ്പനിയിൽനിന്നും ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ ‘അമ്മ’ അംഗമല്ല. മൾട്ടി നാഷനൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് പ്രധാന കാര്യമെന്നും മാലാ പാർവതി പറഞ്ഞു. സാമ്പത്തിക ക്രമക്കേടിന്‍റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ പറഞ്ഞു.

Tags:    
News Summary - 'Actress Shweta Menon is a nationalist and a Modi devotee' -S. Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.