ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ‘ചെമ്പ്’ തെളിയിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോഴും വിശദീകരണമില്ലാതെ ദേവസ്വം ബോർഡ്. 2019ല്‍ തങ്ങൾക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്ന് വ്യക്തമാക്കി സ്വർണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സും രംഗത്തെത്തി. സ്വർണം പൂശാൻ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്നും ഒരു തരി സ്വര്‍ണംപോലും ഇല്ലായിരുന്നുവെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന് കെ.ബി. പ്രദീപ് വെളിപ്പെടുത്തി. ഒരിക്കൽ സ്വർണം പൂശിയ വസ്തു തങ്ങളുടെ സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാളികൾ കൊണ്ടുവരുമ്പോൾ 42 കിലോയിലധികം തൂക്കമുണ്ടായിരുന്നു. എന്നാൽ, കഴുകിക്കഴിയുമ്പോൾ ഭാരം കുറയുന്നത് സ്വാഭാവികമാണ്. സ്വർണം പൂശുന്ന സമയത്ത് ദേവസ്വം ബോർഡ് പ്രതിനിധികളും കമ്പനിയിൽ ഉണ്ടായിരുന്നു. സ്വർണം കക്ഷികൾ തന്നെയാണ് കൊണ്ടുവരുന്നത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പില്‍ നിന്ന് ഒരിക്കലും അത് അപ്രത്യക്ഷമാകില്ല.
ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന സാധനം എന്താണെന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കൂ. ശബരിമലയില്‍നിന്ന് അഴിച്ചത് തന്നെയാണോ കൊണ്ടുവന്നത് എന്നത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ 397 ഗ്രാം സ്വർണമാണ് പൂശാനായി ഉപയോഗിച്ചത്. ഇപ്പോൾ 19.4 ഗ്രാം സ്വര്‍ണമാണ് പുതിയതായി ഉപയോഗിച്ചതെന്നും പ്രദീപ് പറഞ്ഞു.
ഇതിനിടെ, ശബരിമലയിൽ നിന്ന് തനിക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് വ്യക്തമാക്കി ഉണ്ണികൃഷ്ണൻ പോറ്റിയും രംഗത്തെത്തി. ചെമ്പുപാളി തന്നിട്ട് അതിനെ സ്വർണപ്പാളിയെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് കിട്ടിയത് ചെമ്പ് പാളിയാണെന്ന് കഴിഞ്ഞദിവസം സഹ സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യം രമേഷ് റാവുവും പറഞ്ഞിരുന്നു.
ഇതോടെ, 1999ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പ പാളികൾ എങ്ങനെ ചെമ്പായെന്ന സംശയം ബലപ്പെടുകയാണ്. വിജയ് മല്യ ദ്വാരപാലക ശിൽപത്തിലും സ്വർണം പൂശിയിരുന്നതായി ശബരിമല തന്ത്രി കണ്ഠരര് മോഹനരും സ്ഥിരീകരിച്ചു.
എന്നാൽ, ദേവസ്വം രേഖകളിൽ ഇതെങ്ങനെ ചെമ്പായെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദേവസ്വം ബോർഡ് തയാറായിട്ടില്ല. വിജയ് മല്യക്ക് സ്വർണം പൂശാൻ അനുമതി നൽകിയ 1998 സെപ്റ്റംബർ മുതലുള്ള മുഴുവൻ കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ്, ചെമ്പ് പാളിയിൽ വിശദീകരണമൊന്നും നൽകിയിട്ടില്ല. സ്മാർട്ട് ക്രിയേഷൻസിനെ വിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ, ചെമ്പ് പാളികൾ തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. തനിക്ക് ലഭിക്കുമ്പോൾ ചെമ്പ് പാളികളായിരുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി.എൻ. വാസവൻ. ആര് എന്ത് കട്ടാലും പിടികൂടുകയെന്നതാണ് സർക്കാർ ലക്ഷ്യം. ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ല.
മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണം. അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ഇതിലടക്കം അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പീഠം കാണാതായ സംഭവത്തിൽ ഹൈകോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പൂജ അവധി കഴിഞ്ഞയുടൻ കോടതിയെ സമീപിക്കും. വ്യാജ ആരോപണം ഉന്നയിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആരോപണത്തിന്റെ കുഴിയിൽ അദ്ദേഹം തന്നെ വീണു.
ഒട്ടേറെ തട്ടിപ്പുകളും പിരിവുകളും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. 1999 മുതൽ 2025 വരെ ശബരിമലയിലെ എല്ലാ ക്രമക്കേടുകളെക്കുറിച്ചും ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെക്കുറിച്ചും അന്വേഷിക്കാനാണ് കോടതിയിൽ ആവശ്യപ്പെടുക. സമഗ്ര അന്വേഷണം ആവശ്യപ്പെടാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. വേണ്ട നടപടി സ്വീകരിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.