തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി ഒപ്പിട്ട് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ തയാറാണെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതോടെ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും പ്രഖ്യാപിച്ചത് വ്യക്തമായ നയംമാറ്റം. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രസർക്കാർ തയാറാക്കിയ എൻ.ഇ.പിക്കെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം ഉയർത്തിയ സർക്കാറും മുന്നണിയുമാണ് കേരളത്തിൽ ഭരണത്തിലുള്ളത്.
വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ നയരേഖ തയാറാക്കുകയും കേന്ദ്രത്തെ വിയോജിപ്പുകൾ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നങ്ങോട്ട് എൻ.ഇ.പിയുടെ മറവിൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യക്ഷപ്പെട്ട കാവിവത്കരണങ്ങൾക്കെതിരെ നിലയുറപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ നിലപാട് ദേശീയ തലത്തിൽ ശ്രദ്ധനേടുകയും കേരളം ബദൽ നയം സൃഷ്ടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതാണ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട് സർക്കാറും മുന്നണിയും തിരുത്തിയത്.
എൻ.ഇ.പിക്ക് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ വാർത്താസമ്മേളനത്തിൽ ചോദിച്ചു. എല്ലാകാലത്തും ഒരു നയത്തിൽ തന്നെ തുടരാൻ കഴിയില്ലെന്നും എൻ.ഇ.പിയിൽ സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി തുറന്നുപറഞ്ഞു. ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിശദീകരണം. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണെന്ന് പറഞ്ഞാണ് സർക്കാർ നടപടിയെ ഗോവിന്ദൻ ന്യായീകരിച്ചത്.
ആരോഗ്യ, കാർഷിക മേഖലകളിൽ കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് ഫണ്ട് വാങ്ങിയതിന്‍റെ കണക്ക് നിരത്തിയാണ് സർക്കാറും പാർട്ടിയും നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ ഒരുതലമുറയെ തന്നെ ആശയതലത്തിൽ സ്വാധീനിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റത്തിനാണ് മുന്നണിയും സർക്കാറും പച്ചക്കൊടി വീശിയത്.
തിരുവനന്തപുരം: സമഗ്രശിക്ഷ അഭിയാൻ പദ്ധതിയിൽ 1158.13 കോടി രൂപ തടഞ്ഞുവെച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാകാലത്തും ഒരു നയത്തിൽ തന്നെ തുടരാൻ കഴിയില്ല. കേന്ദ്രസർക്കാറിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി) സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കും- മന്ത്രി തുറന്നുപറഞ്ഞു.
എൻ.ഇ.പി അംഗീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞത് ശരിയാണ്. എന്നാൽ, ലോകം അവസാനിക്കുന്നത് വരെ ആ നിലപാടിൽ നിൽക്കണമെന്നില്ല. ലോകത്ത് അനുദിനം മാറുന്ന വിദ്യാഭ്യാസ രീതികളിൽനിന്ന് കേരളത്തിന് മാറിനിൽക്കാൻ കഴിയില്ല. ലോകബാങ്കിൽ നിന്ന് ഫണ്ട് വാങ്ങില്ല എന്ന് മുമ്പ് നയമുണ്ടായിരുന്നു. പിന്നീട് വാങ്ങാൻ തീരുമാനിച്ചു. എല്ലാകാലത്തും എൻ.ഇ.പിയിൽ പിടിച്ച് കിട്ടേണ്ട പണം വാങ്ങാതിരിക്കാൻ കഴിയില്ല. മന്ത്രിസഭയിൽ ഒരു വിഷയത്തിൽ എതിർപ്പ് വരുന്നത് ആദ്യമായല്ല. നയം പറഞ്ഞ് കിട്ടേണ്ട കോടികൾ നഷ്ടപ്പെടുത്താൻ കഴിയില്ല.
എൻ.ഇ.പിക്ക് എന്താണ് കുഴപ്പമെന്ന് മന്ത്രി ചോദിച്ചു. എൽ.ഡി.എഫിന്‍റെ വിദ്യാഭ്യാസ നയത്തിൽ നിന്ന് സർക്കാർ പിൻമാറില്ല. സ്കൂളുകളിൽ പി.എം ശ്രീ നടപ്പാക്കുമ്പോൾ അവിടെ ഏത് പാഠ്യപദ്ധതി എന്നത് അപ്പോൾ ആലോചിക്കാം. ബിനോയ് വിശ്വവുമായി പാർട്ടി നേതാക്കൾ സംസാരിക്കും. ധാരണാപത്രത്തിൽ കേന്ദ്രപാഠ്യപദ്ധതി നടപ്പാക്കണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പി.എം ശ്രീ നടപ്പാക്കുന്നതിൽ ആശങ്കയുണ്ടായിരുന്നു; അതിൽ ചർച്ച നടക്കുകയായിരുന്നു.
ഒപ്പിടുംമുമ്പ് സന്നദ്ധത അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം കത്ത് നൽകി. തീരുമാനമെടുത്തില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചതോടെയാണ് ഒപ്പിട്ടത്. സി.പി.ഐയെ ഇക്കാര്യം ബോധ്യപ്പെടുത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ കേരളം പദ്ധതിയിൽ കേന്ദ്രത്തിൽനിന്ന് 971 കോടി രൂപ അനുവദിക്കാൻ ധാരണയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മൊത്തം 1158.13 കോടി രൂപയാണ് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചത്.
പി.എം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ, സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടു വർഷത്തെ പി.എം. ശ്രീ ഫണ്ടും ഉൾപ്പെടെ 1476.13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. ഫണ്ട് തടഞ്ഞത് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെയാണ് ബാധിച്ചത്.
5.61ലക്ഷം പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ, 1.8 ലക്ഷം ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ, തെറാപ്പി സൗകര്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയേയും ബാധിക്കും.
സൗജന്യ യൂനിഫോം, പാഠപുസ്തകം, പെൺകുട്ടികൾക്കുള്ള അലവൻസുകൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം, പരീക്ഷാ നടത്തിപ്പ് തുടങ്ങി പലതുമാണ് ഈ ഫണ്ടിന്റെ അഭാവം തകർക്കുന്നത്. ഈ ഫണ്ട് ഔദാര്യമല്ലെന്നും കേരള ജനതയുടെ നികുതിപ്പണത്തിൽ നിന്നുള്ള, വിഹിതമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുര: സി.പി.ഐ പ്രതിഷേധം കടുപ്പിച്ചിട്ടും പി.എം ശ്രീ പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളുടെ ഫണ്ട് കേരളത്തിന് ലഭിക്കാത്ത സാഹചര്യം നിലനിൽക്കെ പി.എം ശ്രീയിൽനിന്ന് പിന്മാറാനാവില്ലെന്ന സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദത്തെ പിന്തുണക്കുന്ന വിശദീകരണമാണ് സെക്രട്ടറി നൽകിയത്.
പി.എം ശ്രീ കരാർ മുന്നണിയിലും മന്ത്രിസഭയിലും ചർച്ചചെയ്യാതെയാണ് ഒപ്പിട്ടതെന്നതടക്കം സി.പി.ഐ ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇത്തരം കാര്യങ്ങൾ നേരത്തേ ചർച്ച ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ, കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന പണം വാങ്ങേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പി.എം ശ്രീ കരാർ ഒപ്പിട്ടതിനെ തള്ളിപ്പറയാതെ അതെല്ലാം സർക്കാറിന്‍റെ ഭരണപരമായ കാര്യങ്ങളെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. കരാർ ഒപ്പിട്ട് പണം വാങ്ങുന്നതോടെ കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കേണ്ടിവരുമല്ലോ എന്ന ചോദ്യത്തിന് ‘ചർച്ച ചെയ്യും’ എന്ന മറുപടി ആവർത്തിച്ചു.
ഇടതുപക്ഷ നയവും ഭരണത്തിൽ നടപ്പാകുന്നതും രണ്ടാണെന്ന് വ്യക്തമാക്കാനും അദ്ദേഹം ശ്രമിച്ചു. ഇ.എം.എസ് അടക്കം ഇത്തരം അവസരങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നയം നടപ്പാക്കുന്നതിലെ പരിമിതി വിശദീകരിച്ചത്. കരാർ ഒപ്പിട്ടത് ഭരണപരമായ കാര്യമായി ചുരുക്കിയും കേന്ദ്ര ഫണ്ട് നൽകാൻ നിബന്ധനകൾ വെക്കുന്നതിനെ എതിർക്കുന്നെന്ന് ആവർത്തിച്ചും ഈ വൈരുധ്യത്തിന് വ്യക്തതവരുത്താൻ അദ്ദേഹം ശ്രമിച്ചു.
അതേസമയം സി.പി.ഐയുടെ എതിർപ്പുണ്ടായിട്ടും പി.എം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാടിനെതിരായ തീരുമാനങ്ങളൊന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായില്ല. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ദൂരീകരിക്കാൻ സി.പി.ഐയുമായി ചർച്ച നടത്തണമെന്ന അഭിപ്രായം മാത്രമാണ് പൊതുവേ ഉയർന്നത്.
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട വിഷയത്തിൽ സി.പി.ഐയുമായി ചർച്ച നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.എം ശ്രീ പദ്ധതിയുടെ നിബന്ധനങ്ങൾക്ക് തങ്ങളും എതിരാണ്. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണ്. ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ലിത്. ഇടതുസർക്കാറിന് പരിമിതികളുണ്ട്. ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെല്ലാം പ്രാവർത്തികമാക്കാനാവില്ല.
സി.പി.ഐ ഉന്നയിച്ച ആശങ്ക മുഖവിലക്കെടുക്കുന്നു. ഇടതുമുന്നണിചർച്ച ചെയ്ത് കൃത്യതയോടെ തീരുമാനമെടുക്കും. പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി തരുന്നത് മോദിയുടെ പണമല്ല. കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം തരണം. പദ്ധതിയുടെ നിബന്ധനകൾ വരട്ടെ, എങ്ങനെ ബാധിക്കുന്നെന്ന് പരിശോധിക്കാം. കേന്ദ്രത്തിന്‍റെ ആശയമൊന്നും ഇവിടെ നടപ്പാക്കില്ല. സർക്കാറിന്‍റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ പണം കിട്ടണം. എന്നാൽ, കേന്ദ്ര നിലപാട് നടപ്പാക്കാനും കഴിയില്ല. ഈ ഘട്ടം എങ്ങനെ പരിഹരിക്കാനാകുമെന്ന് ചർച്ചചെയ്യും.
കടുംപിടിത്തംകൊണ്ട് കാര്യമില്ല. ഇത്തരം എല്ലാ പദ്ധതികളെക്കുറിച്ചും സി.പിഎമ്മും എൽ.ഡി.എഫും ചർച്ച ചെയ്തിട്ടുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്നതരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലുള്ളത്.
എൽ.ഡി.എഫ് ശക്തമായ മുന്നണിയാണ്. അത് കൃത്യമായ രാഷ്ട്രീയ അടിത്തറയുടെ അടിസ്ഥനത്തിൽ രൂപപ്പെട്ടതാണ്. സി.പി.എം കഴിഞ്ഞാൽ മുന്നണിയിലെ വലിയ പാർട്ടിയാണ് സി.പി.ഐ. അവരെ പരിഗണിച്ചുതന്നെയാണ് എൽ.ഡി.എഫ് മുന്നോട്ടുപോകുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.