കണ്ണൂർ: ഇത്രയും കാലം സി.പി.എമ്മിന്റെ അഭിമാനക്കോട്ടകളായിരുന്നു പയ്യന്നൂരും തളിപ്പറമ്പും. ആര് കുത്തിയാലും ഇളകാത്ത ഉരുക്കുകോട്ടകൾ. ഒന്നും സംഭവിക്കില്ലെന്ന് പുറമെ പറയുമ്പോഴും രണ്ടിടത്തെയും ഗതി എന്താവുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്. സി.പി.എം ഇരുമ്പുമറ പൊട്ടിച്ച് പുറത്തുവന്ന മുൻ ജില്ല കമ്മിറ്റിയംഗങ്ങളാണ് രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാർഥികൾ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ മുന്നണിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചവർ കൂടിയാണിവർ.
സി.പി.എമ്മിനെതിരെ അഴിമതി ആരോപിച്ച് ദിവസവും പുതിയ തെളിവുകൾ പുറത്തുവിട്ടാണ് പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണന്റെ പ്രചാരണം. പാർട്ടിയിലെ സ്വജനപക്ഷപാതവും കുടുംബാധിപത്യവുമാണ് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.കെ.ഗോവിന്ദന്റെ മുഖ്യപ്രചാരണായുധം. സി.പി.എം വിട്ട മുൻ നേതാക്കളെല്ലാം ഇവർക്ക് ഒപ്പമുണ്ട്. സമൂഹമാധ്യമങ്ങളിലും ചില വ്യക്തികളെ നേരിട്ടു കണ്ടുമാണ് ഇവർ വോട്ടുറപ്പിക്കുന്നത്.
49,780 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ പയ്യന്നൂരിൽ സി.പി.എമ്മിലെ ടി.ഐ. മധുസൂദനന് ലഭിച്ചത്. ഇതേ മധുസൂദനൻ തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും എൽ.ഡി.എഫിന് ലീഡ് നൽകിയ കണ്ണൂരിലെ നാല് മണ്ഡലങ്ങളിൽ ഒന്നാണ് പയ്യന്നൂർ. ഈ കോട്ടയിലാണ് സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ കലാപക്കൊടി ഉയർത്തി പാർട്ടിവിട്ടു പുറത്തുവന്നത്. ബി.ജെ.പി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ
സി.പി.എം പ്രവർത്തകൻ രാമന്തളി കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധനരാജിന്റെ കുടുംബത്ത സഹായിക്കാൻ പാർട്ടി സമാഹരിച്ച ഫണ്ടിൽ തിരിമറി ആരോപിച്ചാണ് കുഞ്ഞികൃഷ്ണൻ പുറത്തേക്ക് പോവുന്നത്. പയ്യന്നൂർ ഏരിയ സെക്രട്ടറിമാരായിരുന്നവർ ഫണ്ട് തിരിമറി നടത്തിയതിന്റെ ഓരോ തെളിവുകളും കുഞ്ഞികൃഷ്ണൻ എല്ലാ ദിവസവും പുറത്തുവിടുന്നു. സമൂഹമാധ്യമങ്ങളിൽ പുതിയ തെളിവുകൾ ഉന്നയിച്ചും വേണ്ടപ്പെട്ടവരെ നേരിട്ട് കണ്ടുമാണ് കുഞ്ഞികൃഷ്ണന്റെ പ്രചാരണം. ഫണ്ട് തട്ടിപ്പിൽ ഇദ്ദേഹം പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം പയ്യന്നൂരിലുണ്ട്. അത്തരക്കാരെ നേരിട്ട് കണ്ടാണ് ഇദ്ദേഹത്തിന്റെ പ്രചാരണം.
പയ്യന്നൂർ നഗരസഭയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായ സി.വൈശാഖ് സ്വതന്ത്രനായി ജയിച്ചതോടെ എന്തും സംഭവിക്കുമെന്ന പ്രചാരണവും ശക്തമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി ക്യാമ്പ് ചെയ്താണ് പയ്യന്നൂരിലെ പ്രവർത്തനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ പ്രചാരണത്തിനെത്തി. വോട്ടുകണക്കിൽ പാർട്ടി ഭദ്രമാണെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ 93,695 വോട്ടാണ് മധുസൂദനന് ലഭിച്ചത്. 43,915 വോട്ട് യു.ഡി.എഫിന് കിട്ടി. 11808 വോട്ട് ബി.ജെ.പിക്കും ലഭിച്ചു. യു.ഡി.എഫ് വോട്ടിനു പുറമെ പതിനയ്യായിരത്തിൽ പരം വോട്ട് കുഞ്ഞികൃഷ്ണൻ മറിച്ചാലും രക്ഷപ്പെടാമെന്നാണ് സി.പി.എം നിഗമനം. ആ കണക്കിലാണ് സി.പി.എമ്മിന്റെ ആശ്വാസം.
തളിപ്പറമ്പ് മണ്ഡലം അഞ്ചു പതിറ്റാണ്ടായി ഇടതിനൊപ്പമാണ്. 2016 ജെയിംസ് മാത്യു നേടിയ 40,617 ന്റെ ഭൂരിപക്ഷം 2021ല്‍ എം.വി. ഗോവിന്ദനിലൂടെ 22,689 ആയി. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ.സുധാകരന് 8787 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ ലഭിച്ചു. ലോക്സഭ തരംഗമെന്ന് തള്ളിക്കളയാമെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റമുണ്ടായി. കേരളമാര് ഭരിച്ചാലും തളിപ്പറമ്പിലെ തദ്ദേശ സ്ഥാപനങ്ങൾ ഭദ്രമായിരുന്ന കാലമാണ് ഇതോടെ മാറിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മണ്ഡലത്തിൽ ലീഡുണ്ടെങ്കിലും അത് പതിനായിരത്തിൽ താഴെയാണ്. ഇതെല്ലാം കണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദ് മണ്ഡലത്തിൽ പണി തുടങ്ങിയിരുന്നു. സ്ഥാനാർഥിയാവുമെന്ന് എല്ലാവരും ഉറപ്പിച്ചവേളയിലാണ് പി.കെ.ശ്യാമളയെ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതും സി.പി.എമ്മിൽ പൊട്ടിത്തെറിയുമുണ്ടാകുന്നത്.
ആറ് പതിറ്റാണ്ട് കാലത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ പുറത്തേക്ക് വന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ.ശ്യാമളക്കെതിരെ കടുത്ത വികാരം നേരത്തേ തന്നെ മണ്ഡലത്തിലുണ്ട്. കുടുംബവാഴ്ചയെന്ന് പറഞ്ഞാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടുന്നതും പിന്നീട് യു.ഡി.എഫ് സ്ഥാനാർഥിയാവുന്നതും. മണ്ഡലത്തിലെ വോട്ട്നിലയിലുണ്ടായ മാറ്റവും എം.വി. ഗോവിന്ദന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകാമെന്നും ജനം വിചാരിച്ചാൽ തളിപ്പറമ്പിൽ അട്ടിമറിയുറപ്പ്. വ്യക്തികളെയും കുടുംബങ്ങളെയും നേരിട്ട് വിളിച്ചാണ് ടി.കെ. ഗോവിന്ദന്റെ ഓപറേഷൻ. അതേസമയം, ‘വർഗവഞ്ചക’നെതിരെ പാർട്ടി ഒറ്റക്കെട്ടാവുന്ന സാഹചര്യവും തളിപ്പറമ്പിൽ കാണാം. ചിട്ടയായ പ്രവർത്തനമാണ് പാർട്ടി ബൂത്തുതലം മുതൽ നടത്തുന്നത്. ഇളകി നിൽക്കുന്നവരെ നേരിട്ട് കണ്ടാണ് പ്രവർത്തനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും സംസ്ഥാന സമിതിയംഗം പി. ജയരാജനും ആണ് തളിപ്പറമ്പിന്റെ ചുമതല. പാർട്ടി സെക്രട്ടറിയുടെ ഭാര്യ കൂടിയായതിനാൽ തളിപ്പറമ്പ് സി.പി.എമ്മിന്റെ അഭിമാന വിഷയം കൂടിയാണ്.
കെ.പി.സി.സി അംഗമായിരുന്ന കൊയ്യം ജനാർദനൻ യു.ഡി.എഫ് വിമതനായി തളിപ്പറമ്പിൽ മൽസരിക്കുന്നുണ്ടെന്നതാണ് സി.പി.എമ്മിന് നേരിയൊരു ആശ്വാസം. 2021 ൽ എൽ.ഡി.എഫിലെ എം.വി. ഗോവിന്ദന് 92,870 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിലെ വി.പി. അബ്‌ദുൾ റഷീദിന് 70,181 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 13,058 വോട്ടും ലഭിച്ചു. യു.ഡി.എഫ് വോട്ടുകൾക്കു പുറമെ ബി.ജെ.പിക്ക് കിട്ടേണ്ട കുറച്ച് വോട്ടുകൾ ഇത്തവണ ടി.കെ. ഗോവിന്ദന് മറിയും. ആന്തൂരിൽ ഉൾപ്പടെ സി.പി.എമ്മുമായി ഉടക്കിനിൽക്കുന്ന മുൻ സി.പി.എമ്മുകാരായ സി.പി.ഐക്കാരുടെ വോട്ടും ടി.കെ. ഗോവിന്ദനായിരിക്കുമെന്നതിൽ സംശയമില്ല. അടിയൊഴുക്ക് ശക്തമാണേൽ തളിപ്പറമ്പിൽ അദ്ഭുതം സൃഷ്ടിക്കും. പയ്യന്നൂരിൽ കണക്കുകളിൽ ആശ്വാസിക്കാമെങ്കിലും തളിപ്പറമ്പിൽ കണക്കിലും വലിയ അന്തരമില്ലെന്നതാണ് പ്രധാനം. പാർട്ടിക്കോട്ടകളിലെ വിള്ളൽ അടച്ചുനിർത്തിയാൽ മാത്രമാവും ഇരുമണ്ഡലങ്ങളിലും സി.പി.എമ്മിന്റെ നെഞ്ചിടിപ്പ് കുറയൂ. ആ വിള്ളലും ആഴവുമൊന്നും പുറമെ കാണാൻ ഒരുസംവിധാനവുമില്ലെന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.